മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ. മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോല്‍ (എടി) നേതാവിനെ അറസ്റ്റ് ചെയ്തതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. ആരംഭായ് തെംഗോലിന്റെ ആര്‍മി ചീഫ് എന്നറിയപ്പെടുന്ന കാനൻ സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. സംഘർഷത്തെ തുടർന്ന് മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ അഞ്ച് ദിവസത്തേക്ക് ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ഇന്നലെ രാത്രി 11.45 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. അഞ്ച് ജില്ലകളില്‍ കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇംഫാലിലെ പ്രതിഷേധക്കാരില്‍ അധികവും ആരംഭായ് തെംഗോല്‍ അംഗങ്ങളായ യുവാക്കളാണ്. ഇവർ റോഡുകളിൽ ടയറുകൾ കത്തിക്കുകയും കാനൻ സിംഗിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇംഫാലിലെ ക്വാകിതേൽ പ്രദേശത്ത് വെടിവെപ്പിന് സമാനമായ ശബ്ദം കേട്ടതായി താമസക്കാരില്‍ ചിലർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. വംശീയ സംഘർഷം ശക്തമായിരുന്ന സമയത്ത് ആരംഭായ് തെംഗോല്‍ തങ്ങളുടെ ഗ്രാമങ്ങൾ ആക്രമിച്ചതായി കുക്കി ഗോത്ര വിഭാഗം ആരോപിച്ചിരുന്നു.
എന്നാല്‍, ഗവർണർ എ.കെ. ഭല്ലയുടെ ഉത്തരവിന് തുടർന്ന് എടി നിയമവിരുദ്ധവും കൊള്ളയടിച്ചതുമായ ആയുധങ്ങൾ കൈമാറിയതായും അധികാരികൾ നൽകുന്ന സുരക്ഷാ ഉറപ്പുകൾ പ്രകാരം ഇപ്പോൾ നിരായുധരാണെന്നുമാണ് പ്രതിഷേധിക്കുന്നവർ പറയുന്നത്. 'ഗ്രാമീണ വളണ്ടിയർമാരുടെ' മറവിൽ മെയ്‌തെയ് ഗ്രാമങ്ങളെ ആക്രമിച്ച കുക്കി കലാപകാരികളെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.
ആരംഭായ് തെംഗോല്‍ 2020 മുതൽ മണിപ്പൂരില്‍ സജീവമാണെന്നാണ് പറയപ്പെടുന്നത്. ഒരു സാംസ്കാരിക സംഘടനയായി തുടങ്ങിയ ഇത് താമസിയാതെ ഒരു റാഡിക്കല്‍ സംഘടനയായി മാറി. 2022ഓടെ യുവാക്കളെ അണിനിരത്തി സംഘടന സംസ്ഥാനത്ത് ജനപ്രിയമായി.2023 കലാപത്തില്‍ ആരംഭായ് തെംഗോല്‍ വലിയ തോതിലുള്ള സംഘർഷങ്ങള്‍ക്ക് കാരണമായതായാണ് റിപ്പോർട്ടുകള്‍.
അതേസമയം, മണിപ്പൂർ അതിർത്തി പ്രദേശമായ മൊറേയിൽ കുക്കികളുടെ പ്രതിഷേധം പുരോഗമിക്കുകയാണ്. 2023 ഒക്ടോബറിൽ സ്നൈപ്പർ റൈഫിൾ ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയെന്നാരോപിച്ച് കുക്കി വിഭാഗക്കാരനെ അറസ്റ്റ് ചെയ്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. മണിപ്പൂർ പൊലീസ് ഓഫീസർ ചിങ്തം ആനന്ദിന്റെ കൊലപാതകക്കേസിലാണ് കാംഗിന്തങ് ഗാങ്‌ടെയെന്ന കുക്കി വിഭാഗക്കാരെ അറസ്റ്റ് ചെയ്തത്. ഇത് 'ഏകപക്ഷീയമായി അറസ്റ്റ്' ആണെന്ന് ആരോപിച്ച് കുക്കി സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ മൊറേയിലെ തെങ്‌നൗപാൽ ജില്ലയിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.