Source: X
NATIONAL

മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു, ഉഖ്റൂലിൽ നിരോധനാജ്ഞ

ജില്ലയിലെ ഇൻ്റർനെറ്റ് സേവനങ്ങളും 5 ദിവസത്തേക്ക് കട്ട് ചെയ്തിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഇംഫാൽ: ഒരിടവേളയ്ക്ക് ശേഷം മണിപ്പൂർ വീണ്ടും സംഘർഷഭരിതമാകുന്നു. നാഗ-കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി വീടുകളാണ് കത്തിനശിച്ചത്. സംഘർഷത്തെ തുടർന്ന് ഉഖ്റൂലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ഇൻ്റർനെറ്റ് സേവനങ്ങളും 5 ദിവസത്തേക്ക് കട്ട് ചെയ്തിട്ടുണ്ട്.

നാഗ സമുദായത്തിൽ പെട്ടവരുടെ 21 വീടുകളും കുക്കി വിഭാഗക്കാരുടെ 3 വീടുകളും അഗ്നിക്കിരയാക്കിയതായാണ് റിപ്പോർട്ട്. കലാപം രൂക്ഷമായതോടെ ലിതാൻ സാരയ്ഖോങ് ഗ്രാമത്തിൽ നിന്നും ആളുകൾ അയൽജില്ലയിലേക്ക് പലായനം ചെയ്തു.

ശനിയാഴ്ച കുക്കി വിഭാഗത്തിൽ പെട്ട ഒരു സംഘം ആളുകൾ നാഗ യുവാവിനെ മർദിച്ചതിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പിന്നാലെ ലിതാനിൽ വെടിവയ്പ്പുമുണ്ടായി. സംഘർഷം അവസാനിപ്പിക്കുവാൻ ഇരുവിഭാഗങ്ങളും യോഗം ചേർന്നുവെങ്കിലും ചർച്ച സമയവായത്തിൽ എത്താത്തതിനെ തുടർന്ന് വീണ്ടും അക്രമസംഭവങ്ങൾ ആവർത്തിക്കുകയായിരുന്നു. രാത്രിയോടെ വീടുകൾക്ക് തീയിടുകയും സായുധ സംഘങ്ങൾ ആകാശത്തിലേക്ക് വെടിവെക്കുകയും ചെയ്തതോടെയാണ് ആളുകൾ ഗ്രാമത്തിൽ നിന്നും പലായനം ചെയ്തത്.

തെറ്റിദ്ധാരണയുടെ ഫലമായാണ് സംഘർഷം നടക്കുന്നതെന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച മുഖ്യമന്ത്രി വൈ.ഖേംചന്ദ് സിങ് പറഞ്ഞു. എല്ലാ സമുദായങ്ങളോടും ശാന്തത പാലിക്കണമെന്നും സമാധാനം നിലർനിർത്തണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിക്കുകയും ചെയ്തു.

SCROLL FOR NEXT