NATIONAL

അടുത്ത ശനിയാഴ്ച വീണ്ടും പ്രതിഷേധം, വേദി പിന്നീട് പ്രഖ്യാപിക്കും; സിജെപിയുടെ ജന്തർമന്തറിലെ പ്രതിഷേധം അവസാനിച്ചു

അതേസമയം, പ്രതിഷേധത്തിനിടെ അഭിജീത് ദിപ്കെയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

‍ഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി ജന്തർമന്തറിൽ ആരംഭിച്ച പ്രതിഷേധം അവസാനിച്ചു. വൈകിട്ട് അഞ്ച് മണി വരെയായിരുന്നു പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയത്. അടുത്ത ശനിയാഴ്ച വീണ്ടും പ്രതിഷേധത്തിനിറങ്ങുമെന്നാണ് സിജെപിയുടെ തീരുമാനം. വേദി പിന്നീട് പ്രഖ്യാപിക്കുമെന്നും സിജെപി നേതൃത്വം വ്യക്തമാക്കി. അതേസമയം, പ്രതിഷേധത്തിനിടെ അഭിജീത് ദിപ്കെയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

ഇന്ന് രാവിലോടെയാണ് കേന്ദ്ര വിദ്യഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സ്ഥാപകൻ അഭിജീത് ദീപ്കെ നേരിട്ട് നേതൃത്വം കൊടുത്ത പ്രതിഷേധത്തിൽ നൂറുകണക്കിന് യുവാക്കളാണ് അണിനിരന്നത്. പ്രതിഷേധത്തിൽ ഐക്യദാർഢ്യവുമായി സോനം വാങ്ചുക്ക് അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ പ്രമുഖരും സമരവേദിയിലെത്തിയിരുന്നു. കോക്ക്റോച്ച് മുഖം മൂടി ധരിച്ചും, കോക്ക്റോച്ച് ടി ഷർട്ട് അണിഞ്ഞും, അംബേദ്‌കർ ചിത്രം കയ്യിലേന്തിയും, പുസ്തകങ്ങളും പൂക്കളും പ്ലക്ക്കാർഡുകളുമായാണ് ആയിരങ്ങൾ ജന്തർമന്തറിൽ ഒത്തുകൂടിയത്. എല്ലാവർക്കും ഒരേ ആവശ്യം ഒരേ മുദ്രാവാക്യം. വിദ്യാഭ്യാസ മേഖലയിൽ നിരന്തരം ആവർത്തിക്കുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം. രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും സമരത്തെ അഭിസംബോധന ചെയ്തു അഭിജീത് ദിപ്കെ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാ​ഗമായി ദേശീയ തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിൽ പൊലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിരുന്നു. രണ്ടായിരം പൊലീസുകാർക്കാണ് പ്രത്യേക ഡ്യൂട്ടി നൽകിയത്. സമാധാനപരമായി സമരം നടത്തണമെന്നായിരുന്നു സ്ഥാപകൻ അഭിജീത് ദീപ്കെയുടെ ആഹ്വാനം. സമരത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം, അനിഷ്ട സംഭവങ്ങൾക്കുള്ള സാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണം, യാതൊരു പ്രകോപനവും ഉണ്ടാകരുത്, പ്രതിഷേധം പൂർണമായും റെക്കോഡ് ചെയ്യണമെന്നടക്കമുള്ള നിർദേശങ്ങളും സിജെപി വക്താക്കൾ നൽകിയിരുന്നു.

സമരത്തെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാർ ഇംഗ്ലീഷ്, ഹിന്ദി ചാനലുകൾക്കെതിരെയും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സിജെപിയുടെ സമരത്തിന് സമാന്തരമായി ഹിന്ദുത്വ സംഘടനകളുടെ സമരവും ജന്തർമന്തറിൽ നടന്നിരുന്നു. സിജെപി ദേശ വിരോധികൾ എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പാറ്റകളെ കൊല്ലുന്ന ഹിറ്റ് സ്പ്രേയുമായി സമരവേദിയിൽ എത്തിയ ഡൽഹി സ്വദേശിയെയും പൊലീസ് നീക്കം ചെയ്തു.

SCROLL FOR NEXT