ഡല്‍ഹി: മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാര്‍ഥികളെ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി. ചെങ്കോട്ട പരിസരത്താണ് വിദ്യാർഥികൾക്ക് മർദനമേറ്റത്. സാക്കിര്‍ ഹുസൈന്‍ കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ അശ്വിന്‍, സുധീന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മുണ്ട് ഉടുത്തതാണ് പ്രകോപിപ്പിച്ചതെന്ന് വിദ്യാര്‍ഥികള്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രണ്ട് വിദ്യാർഥികൾക്ക് മർദനമേറ്റത്. ഡൽഹി പൊലീസും സംഘത്തിന് ഒപ്പം ചേർന്ന് മർദിച്ചതായി വിദ്യാർഥികൾ ആരോപിച്ചു. ഡൽഹി പൊലീസിൽ നിന്ന് നേരിട്ടത് അതിക്രൂരമർദനമാണെന്ന് വിദ്യാർഥികൾ ന്യൂസ് മലയാളത്തോട് പറഞ്ഞു.
മുണ്ട് ഉടുത്തതിന്റെ പേരിലാണ് തങ്ങളെ ക്രൂരമായി മർദനമെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഹിന്ദി സംസാരിക്കാത്തതിന്റെ പേരിൽ ഷൂ കൊണ്ടും ബൂട്ട് കൊണ്ടും മുഖത്ത് ചവിട്ടിയെന്നും വിദ്യാർഥികൾ പറയുന്നു. മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലൈന്റ് അതോറിറ്റിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ. വിഷയത്തിൽ ഉന്നത അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി ഡൽഹി പൊലീസ് കമ്മീഷണർക്ക് കത്തയച്ചു.