പൂനം ദീക്ഷിത്, പ്രദ്യുമ്നൻ ദീക്ഷിത് Image: Social Media
NATIONAL

ജോലി ചെയ്യാതെ രണ്ടു വർഷത്തിനിടെ ശമ്പളമായി ലഭിച്ചത് 37.54 ലക്ഷം; രാജസ്ഥാനിൽ സർക്കാർ ഉദ്യോഗസ്ഥൻ്റെ ഭാര്യയ്‌ക്കെതിരെ പരാതി

രാജ്കോമ്പ് ഇൻഫോ സർവീസസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് ജോയിൻ്റ് ഡയറക്ടറായ പ്രദ്യുമൻ ദീക്ഷിതിനും ഭാര്യ പൂനം ദീക്ഷിതിനുമെതിരെയാണ് അതിഗുരുതര ആരോപണമുയർന്നിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

രാജസ്ഥാനിൽ സർക്കാർ ഉദ്യോഗസ്ഥൻ്റെ ഭാര്യ ജോലിക്ക് പോകാതെ രണ്ട് വർഷത്തിനിടയിൽ സാലറിയായി 37.54 കൈക്കലാക്കിയതായി പരാതി. രണ്ട് ഓഫീസുകളിൽ ജോലി ചെയ്യുന്നുവെന്ന പേരിലാണ് ഇവർ ഇത്രയും തുക ശമ്പളമായി വാങ്ങിയത്. എന്നാൽ ഈ രണ്ടു കമ്പനികളിലും ഇവർ ഒരിക്കൽ പോലും പോയിട്ടില്ല എന്നു കാണിച്ചാണ് പരാതി. രാജ്കോമ്പ് ഇൻഫോ സർവീസസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് ജോയിൻ്റ് ഡയറക്ടറായ പ്രദ്യുമൻ ദീക്ഷിതിനും ഭാര്യ പൂനം ദീക്ഷിതിനുമെതിരെയാണ് അതിഗുരുതര ആരോപണമുയർന്നിരിക്കുന്നത്. ഒരു പരാതിക്കാരൻ രാജസ്ഥാൻ ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് തട്ടിപ്പ് വെളിയിൽ വന്നത്.

സർക്കാർ ടെൻഡറുകൾ സ്വീകരിച്ച ഓറിയോൺപ്രോ സൊല്യൂഷൻസ്, ട്രീജൻ സോഫ്റ്റ്‌വെയർ ലിമിറ്റഡ് എന്നീ രണ്ട് സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നതായി പൂനം ദീക്ഷിത് വ്യാജ രേഖ ചമച്ചാണ് തട്ടിപ്പ് നടത്തിയത്. ടെൻഡർ പാസാക്കിയതിന് പകരം പ്രദ്യുമൻ തൻ്റെ ഭാര്യയെ ജോലിക്കെടുക്കാനും പ്രതിമാസ ശമ്പളം നൽകാനും - ഓറിയോൺപ്രോ സൊല്യൂഷൻസ്, ട്രീജൻ സോഫ്റ്റ്‌വെയർ ലിമിറ്റഡ് എന്നീ കമ്പനികളോട് നിർദേശിക്കുകയായിരുന്നു.

സംഭവത്തിൽ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഈ വർഷം ജൂലൈ 3 ന് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. 2019 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെ പൂനം ദീക്ഷിതിന്റെ അഞ്ച് സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓറിയോൺപ്രോ സൊല്യൂഷൻസും ട്രീജൻ സോഫ്റ്റ്‌വെയർ ലിമിറ്റഡും പണം കൈമാറിയതായി എസിബി അന്വേഷണത്തിൽ കണ്ടെത്തി. ശമ്പളം എന്ന പേരിൽ 37,54,405 രൂപയാണ് ആകെ അക്കൗണ്ടിലേക്ക് ലഭിച്ചത്. ഈ രണ്ടു വർഷത്തിനിടയിൽ ഒരിക്കൽ പോലും പൂനം ദീക്ഷിത് രണ്ട് ഓഫീസുകളിലും സന്ദർശിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ഭാര്യയുടേത് വ്യാജ ഹാജർ റിപ്പോർട്ടുകൾ തന്നെയാണെന്ന് പ്രദ്യുമൻ ദീക്ഷിതും സമ്മതിച്ചിട്ടുണ്ട്.

SCROLL FOR NEXT