അശോക് ഗെഹ്‌ലോട്ട് Source: Social Media
NATIONAL

"മുന്നണിയിൽ ഭിന്നതയില്ല, നാളെ വാർത്താ സമ്മേളനത്തിൽ എല്ലാം വ്യക്തമാക്കും"; അശോക് ഗെലോട്ട് ബിഹാറിൽ

സീറ്റ് വിഭജന പ്രതിസന്ധി പരിഹരിക്കാൻ ബിഹാറിലെത്തിയ കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട്, ലാലു പ്രസാദ് യാദവും തേജസ്വി യാദവുമായി ചർച്ച നടത്തി.

Author : ന്യൂസ് ഡെസ്ക്

പാറ്റ്ന: മഹാഗഢ്ബന്ധനിലെ സൌഹൃദ മത്സരങ്ങൾ പ്രശ്നമാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട്. പട്നയിലെത്തിയ ഗെലോട്ട്. ലാലുപ്രസാദ് യാദവും തേജസ്വി യാദവുമായി ചർച്ച നടത്തി. മുന്നണിയിൽ ഭിന്നതയില്ലെന്നും, നാളത്തെ വാർത്താ സമ്മേളനത്തിൽ എല്ലാം വ്യക്തമാക്കാമെന്നും അശോക് ഗെലോട്ട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ നാളെ പ്രഖ്യാപിക്കും.

രണ്ടാംഘട്ട വോട്ടെടുപ്പിലെ പത്രിക പിൻവലിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ മഹാസഖ്യം തിരക്കിട്ട നീക്കങ്ങളിലാണ്. മുന്നണിയ്ക്കുള്ളിലെ സീറ്റ് വിഭജന പ്രതിസന്ധി പരിഹരിക്കാൻ ബിഹാറിലെത്തിയ കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട്, ലാലു പ്രസാദ് യാദവും തേജസ്വി യാദവുമായി ചർച്ച നടത്തി. മഹാഗഢ്ബന്ധനിൽ ഭിന്നതയില്ലെന്നും നാള വാർത്താ സമ്മേളനത്തിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കാമെന്നും അശോക് ഗെലോട്ട് പ്രതികരിച്ചു.

മഹാസഖ്യത്തിനായി രാഹുൽഗാന്ധിയും, തേജസ്വി യാദവും തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കും. 243 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചു മുതൽ പത്ത് വരെ സീറ്റുകളിൽ സൗഹൃദ പോരാട്ടം പ്രശ്നമാകില്ലെന്നും അശോക് ഗെലോട്ട് പറഞ്ഞു. മഹാസഖ്യത്തിലെ ഭിന്നത ചില മണ്ഡലങ്ങളിൽ വോട്ട് മറിക്കുമെന്നാണ് എൻഡിഎ പ്രതീക്ഷ. സൗഹൃദ പോരാട്ടം എങ്ങനെ അവസാനിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് ബിജെപി നേതാവ് സുദാൻഷു ത്രിവേദി പറഞ്ഞു.

243 മണ്ഡലങ്ങളിൽ 253 മഹാഗഢ്ബന്ധൻ സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. 12 സീറ്റുകളിലാണ് സഖ്യ കക്ഷികൾ നിലവിൽ മുഖാമുഖമുള്ളത്. ലാൽഗഞ്ചിൽ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെ ആർജെഡിയുമായുള്ള സൗഹൃദമത്സരം 4 സീറ്റിലേക്ക് ചുരുങ്ങിയെങ്കിലും മൂന്ന് സീറ്റിൽ സിപിഐയും കോൺഗ്രസും പരസ്പരം മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തും ഭിന്നതയുണ്ട്. ആർജെഡിയും കോൺഗ്രസും സമാനമായ വാഗ്ദാനങ്ങളാണ് നൽകുന്നതെങ്കിലും മഹാഗഢ്ബന്ധന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല.

SCROLL FOR NEXT