അദ്വാനിയും ശശി തരൂരും  Source: X/ Shashi Tharoor
NATIONAL

നെഹ്റുവിനോടും ഇന്ദിരാ ഗാന്ധിയോടും കാണിക്കുന്ന നീതി അദ്വാനിയോടും കാണിക്കണം: ശശി തരൂർ എംപി

പതിറ്റാണ്ടുകളുടെ സേവനത്തെ ഒരൊറ്റെ സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ വിലയിരുത്താൻ പാടില്ലെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയെ പ്രശംസിച്ച് കൊണ്ടുള്ള എക്സ് പോസ്റ്റുമായി കോൺഗ്രസ് എംപി ശശി തരൂർ. ജവഹർലാൽ നെഹ്റുവിനെയും ഇന്ദിരാ ഗാന്ധിയെയും പോലെ തന്നെയാണ് അദ്വാനിയും. അദ്ദേഹത്തിൻ്റെ പതിറ്റാണ്ടുകളുടെ സേവനത്തെ ഒരൊറ്റെ സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ വിലയിരുത്താൻ പാടില്ലെന്ന് ശശി തരൂർ എക്സിൽ കുറിച്ചു.

"ആദരണീയനായ ശ്രീ എൽ. കെ. അദ്വാനിക്ക് 98-ാം ജന്മദിനാശംസകൾ! പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നിവ മായാത്തതാണ്. സേവന ജീവിതം മാതൃകാപരമാക്കിയ ഒരു യഥാർഥ രാഷ്ട്രതന്ത്രജ്ഞൻ," ശശി തരൂർ പറഞ്ഞു.

“അവരുടെ ദീർഘകാല സേവനങ്ങളെ, എത്രയും പ്രധാനപ്പെട്ടതായാലും, ഒരു സംഭവത്തിലേക്ക് ചുരുക്കുന്നത് നീതിയല്ല. നെഹ്റൂജിയുടെ ജീവിതം ചൈനയുമായുണ്ടായ പരാജയത്തിലൂടെ മാത്രം നിർവചിക്കാനാകില്ലാത്തതുപോലെ, ഇന്ദിരാ ഗാന്ധിയുടെ ജീവിതവും അടിയന്തരാവസ്ഥയിലൂടെയാണ് മാത്രം വിലയിരുത്താൻ പാടില്ല. അതേ നീതിയാണ് അദ്വാനിജിയോടും കാണിക്കേണ്ടത്,” ശശി തരൂർ വ്യക്തമാക്കി.

അദ്വാനിയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് പിന്നാലെ ശശി തരൂരിനെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് പ്രതികരിച്ചത്. രാഷ്ട്രീയത്തിൽ ഭിന്നതകൾ സൃഷ്ടിച്ച ബിജെപിയുടെ മുതിർന്ന നേതാവിൻ്റെ പങ്ക് വെളുപ്പിക്കാൻ ശശി തരൂർ ശ്രമിക്കുന്നു എന്ന് നിരവധി പേർ പ്രതികരിച്ചു.

ഈ രാജ്യത്ത് വെറുപ്പിൻ്റെ വ്യാളി വിത്തുകൾ അഴിച്ചുവിടുന്നത് പൊതുസേവനമല്ല എന്ന് സുപ്രീം കോടതി അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു. രഥയാത്ര ഒരു ഒറ്റ സംഭവമല്ലായിരുന്നു. അത് രാജ്യത്തിൻ്റെ അടിസ്ഥാന സിദ്ധാന്തങ്ങളെ മറിച്ചിടാനുള്ള ദീർഘയാത്രയായിരുന്നു. അതാണ് 2002നും 2014നും അതിന് ശേഷം ഉണ്ടായ സംഭവങ്ങൾക്ക് വേദി ഒരുക്കിയത്,എന്ന് ഹെഗ്ഡെ മറുപടി നൽകി.

സോമനാഥിൽ നിന്ന് ആരംഭിച്ച് അന്നത്തെ ബിഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് നിർത്തിവെച്ച അഡ്‌വാനിയുടെ രഥയാത്ര, 1992 ഡിസംബറിൽ നടന്ന ബാബരി മസ്ജിദ് പൊളിക്കൽ സംഭവത്തിന് മുന്നോടിയായിത്തന്നെ വ്യാപകമായി കണക്കാക്കപ്പെടുന്നു എന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT