പ്രതീകാത്മക ചിത്രം Source: Screengrab
NATIONAL

'കൈ' പിടിക്കാൻ ജൂബിലി ഹിൽസ്; ഉപതെരഞ്ഞെടുപ്പിൽ തെലങ്കാനയിലും രാജസ്ഥാനിലും കോൺഗ്രസ് മുന്നിൽ

ജൂബിലി ഹിൽസിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നവീന്‍ യാദവ് 19,000ലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്

Author : ന്യൂസ് ഡെസ്ക്

തെലങ്കാന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട കോൺഗ്രസിന് തെലങ്കാന ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍ ആശ്വാസം. തെലങ്കാനയിലെ ജൂബിലി ഹില്‍സ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നവീന്‍ യാദവ് 19,000ലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്. രണ്ടാം സ്ഥാനത്ത് ഭാരത് രാഷ്ട്ര സമിതിയുടെ മാഗന്തി സുനിത ഗോപിനാഥും മൂന്നാം സ്ഥാനത്ത് ബിജെപിയുടെ ദീപക് റെഡി ലങ്കാലയുമാണ്.

ജൂബിലി ഹിൽസിന് പുറമെ രാജസ്ഥാനിലെ അന്തയിലും കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നുണ്ട്. കോൺഗ്രസിൻ്റെ പ്രമോദ് ജെയിൻ 13,000ത്തിലേറെ വോട്ടുകൾക്ക് മുന്നിലാണ്. അതേസമയം, ജമ്മു കശ്മീരിലെ നഗ്രോട്ടയിൽ ബിജെപി വിജയം കരസ്തമാക്കി. നഗ്രോട്ടയിൽ, ബിജെപിയുടെ ദേവയാനി റാണ 24,647 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഒഡീഷയിലെ നുവാപദയിൽ ബിജെപി സ്ഥാനാർഥി ജയ് ധോലാക്കിയ 43,234 വോട്ടുകൾക്ക് മുന്നിലാണ്.

മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) വിജയം ഉറപ്പിച്ചു. ദമ്പ ഉപതെരഞ്ഞെടുപ്പിൽ എംഎൻഎഫിലെ ഡോ. ആർ ലാൽതാംഗ്ലിയാന 562 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സോറം പീപ്പിൾസ് മൂവ്മെൻ്റ്, കോൺഗ്രസ്, ബിജെപി എന്നിവരെ വീഴ്ത്തിയാണ് എംഎൻഎഫ് വിജയം നേടിയത്. പഞ്ചാബിലെ ടാൺ തരൺ മണ്ഡലത്തിൽ എഎപിയുടെ ഹർമീത് സിംഗ് സന്ധു ലീഡ് ചെയ്യുന്നുണ്ട്. 40,000ത്തിലേറെ വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ആറ് സംസ്ഥാനങ്ങളിലായി എട്ട് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നത്.

അതേസമയം, ബിഹാർ നിയമസഭയിൽ വൻ വിജയത്തിലേക്കാണ് എൻഡിഎ നീങ്ങുന്നത്. 194 ഇടത്ത് എൻഡിഎ ലീഡ് തുടരുകയാണ്. മഹാഗഢ്‌ബന്ധൻ - 44, മറ്റുള്ളവർ - 5 എന്നിങ്ങനെയാണ് ഏറ്റവും പുതിയ ലീഡ് നില.

SCROLL FOR NEXT