NATIONAL

"ആരാണ് ബില്ലുകൾ വൈകിപ്പിച്ചത്? വനിതാ സംവരണം ആദ്യം ഉന്നയിച്ചത് കോൺഗ്രസാണ്"; പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

വനിതാ സംവരണം ആദ്യം ഉന്നയിച്ചത് കോൺഗ്രസ് ആണെന്നും ഇക്കാര്യത്തിൽ തെറ്റിദ്ധരിപ്പിച്ചവരെ ജനം തിരിച്ചറിയുമെന്നും പ്രിയങ്ക ലോക്‌സഭയിൽ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: വനിതാ സംവരണ ബില്ലുകൾ വൈകിപ്പിച്ചത് കോൺഗ്രസ് ആണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിനെതിരെ പ്രിയങ്കാ ഗാന്ധി. ആരാണ് ബില്ലുകൾ വൈകിപ്പിച്ചതെന്ന് പ്രിയങ്ക ലോക്സഭയിൽ ചോദ്യമുന്നയിച്ചു. വനിതാ സംവരണം ആദ്യം ഉന്നയിച്ചത് കോൺഗ്രസ് ആണെന്നും ഇക്കാര്യത്തിൽ തെറ്റിദ്ധരിപ്പിച്ചവരെ ജനം തിരിച്ചറിയുമെന്നും പ്രിയങ്ക ലോക്‌സഭയിൽ വ്യക്തമാക്കി.

"പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 33 ശതമാനം സ്ത്രീ സംവരണം എന്ന വ്യവസ്ഥ ആദ്യമായി സഭയിൽ അവതരിപ്പിച്ചത് അന്തരിച്ച രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാരാണ്. ഈ വിഷയത്തെക്കുറിച്ച് ഒരു ചെറിയൊരു ചരിത്ര പശ്ചാത്തലം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ആരാണ് വനിതാ സംവരണം തടഞ്ഞത്? എങ്ങനെ നിർത്തി? 30 വർഷമായി ഈ തീരുമാനം എങ്ങനെ സ്തംഭിപ്പിച്ചു എന്നതിനെക്കുറിച്ച് പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തിൽ ധാരാളം പരാമർശിച്ചു. ഭരണകക്ഷിയിലെ എൻ്റെ സഹപ്രവർത്തകർക്ക് ഇത് ഇഷ്ടപ്പെട്ടേക്കില്ല," പ്രിയങ്ക പറഞ്ഞു.

"പക്ഷേ ചരിത്രപരമായ പശ്ചാത്തലം നെഹ്‌റു എന്ന വ്യക്തിയാണ് ആരംഭിച്ചത് എന്നതാണ്. പക്ഷേ വിഷമിക്കേണ്ട, ഇത് നിങ്ങൾ അപമാനിക്കാറുള്ള ജവഹർ ലാൽ നെഹ്‌റു അല്ല. അദ്ദേഹത്തിൻ്റെ പിതാവ് മോത്തിലാൽ നെഹ്‌റു 1928ൽ ഒരു റിപ്പോർട്ട് തയ്യാറാക്കി കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ചു. അതിൽ അദ്ദേഹം 19 മൗലികാവകാശങ്ങൾ പട്ടികപ്പെടുത്തി. 1931ൽ സർദാർ പട്ടേലിൻ്റെ അധ്യക്ഷതയിൽ കറാച്ചിയിൽ കോൺഗ്രസ് സമ്മേളനം നടന്നു. രാജ്യത്തിൻ്റെ രാഷ്ട്രീയത്തിൽ സ്ത്രീകളുടെ തുല്യാവകാശങ്ങൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമാകുന്നതിൻ്റെ തുടക്കം കുറിച്ചു കൊണ്ട് ആ കറാച്ചി സമ്മേളനത്തിൽ ഈ പ്രമേയം പാസാക്കി. അതേസമയം, "ഒരു വോട്ട്, ഒരു പൗരൻ, ഒരു മൂല്യം" എന്ന തത്വം നമ്മുടെ രാഷ്ട്രീയത്തിലും സ്ഥാപിക്കപ്പെട്ടു. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ അവർക്ക് 150 വർഷത്തോളം ഈ അവകാശത്തിനായി കാത്തിരിക്കുകയും പോരാടുകയും ചെയ്യേണ്ടിവന്നു. ഇന്ത്യയുടെ രാഷ്ട്രീയ വ്യവസ്ഥയിൽ സ്ത്രീ സംവരണം നടപ്പിലാക്കുന്നത് ലോകത്തിലെ ഒരു അതുല്യമായ ചുവടുവയ്പ്പായിരുന്നു," പ്രിയങ്ക ലോക്സഭയിൽ പറഞ്ഞു.

ആദ്യ ദിവസമായ വ്യാഴാഴ്ചത്തെ 18 മണിക്കൂർ ചർച്ചയ്ക്ക് ശേഷം വനിതാ സംവരണ ഭേദഗതി ബില്ലിൽ നാളെ വൈകീട്ട് നാല് മണിക്ക് വോട്ടെടുപ്പ് നടക്കും. ഇന്നത്തെ ചർച്ച രാത്രി 11 മണി വരെ നീളുമെന്നാണ് വിവരം. പ്രതിഷേധ ബഹളത്തിനിടെ വനിതാ സംവരണ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു.

രാജ്യത്തിൻ്റെ രാഷ്ട്രീയവും ദിശയും മാറ്റിമറിക്കുന്ന ചരിത്രനിമിഷം ആണിതെന്ന് പ്രധാനമന്ത്രി സഭയിൽ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പ്രാധാന്യം നൽകുമെന്നും ബില്ലിന് രാഷ്ട്രീയ നിറം നൽകരുതെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി. ബിൽ വൈകിപ്പിച്ച പ്രധാനമന്ത്രി നാടകം കളിക്കുകയാണെന്ന് കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ വിമർശിച്ചു.

SCROLL FOR NEXT