മഹേഷ് ഷെട്ടി 
NATIONAL

"ധർമസ്ഥലയിലെ അന്വേഷണം അവസാനിപ്പിക്കാനുള്ള നാടകം"; ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്റെ അറസ്റ്റിൽ വിവാദം പുകയുന്നു

ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ

Author : ന്യൂസ് ഡെസ്ക്

കർണാടക: ധർമസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് ഷെട്ടി തിമിരോഡിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പുകയുന്നു. നിലവിലെ കുഴിമാടക്കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് തിമിരോഡിയുടെ അറസ്റ്റ് എന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തിലായിരുന്നു മഹേഷ് ഷെട്ടി തിമിരോഡിക്കെതിരായ കേസും, വീടുവളഞ്ഞുള്ള അറസ്റ്റും. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എത്തി 50 മിനിറ്റോളം അഭിഭാഷകരുമായി സംസാരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് തിമിരോഡി പറയുന്നു.

സൗജന്യ കേസിലെ ആക്ഷൻ കമ്മിറ്റിയിലെ പ്രധാന ഭാരവാഹിയാണ് തിമിരോഡി. കുഴിമാടക്കേസിലെ പൊലീസ് സാക്ഷിയായ ഭീമിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഇതെല്ലാം മുടക്കി പരിശോധനകൾ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അറസ്റ്റ് എന്ന വാദമാണ് തിമിരോഡി പക്ഷക്കാർ മുന്നോട്ടുവയ്ക്കുന്നത്. എഡിജിപിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ് നാടകം നടത്തിയതെന്ന ആരോപണവും ശക്തമാണ്.

നടപടിക്കെതിരെ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. അറസ്റ്റിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ധർമസ്ഥലയിൽ വ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇത് സംസ്ഥാന വ്യാപകമാക്കാനാണ് തീരുമാനം. കഴിഞ്ഞദിവസം ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ യോഗം ചേരുകയും സമരത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ സമരം ഏതെങ്കിലും വിധത്തില്‍ പ്രകോപനപരമായാൽ അത് സർക്കാറിന് അനുകൂലമാകുമെന്നും നിലവിലെ അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള ഭയം ആക്ഷൻ കമ്മിറ്റിക്കുണ്ട്.

ഇതിനിടെ നിയമപരമായി കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് കർണാടക പൊലീസ്. ഘട്ടം ഘട്ടമായി നിലവിലെ അന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമവും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ടെന്ന സൂചന പുറത്തുവന്നതിന് പിന്നാലെയാണ് തിമിരോഡിയുടെ അറസ്റ്റ് എന്നതും സുപ്രധാനമാണ്.

SCROLL FOR NEXT