തെലങ്കാനയിൽ ബിആർഎസിൽ കെ. കവിതയെ ചുറ്റിപ്പറ്റിയുള്ള ചർച്ച കനക്കുകയാണ്. പാർട്ടിയിൽ നിന്ന് വേണ്ടത്ര പിന്തുണയില്ലെന്നാണ് കവിതയുടെ പരിഭവം. രജത ജൂബിലി ആഘോഷത്തിൽ കെ. ചന്ദ്രശേഖർ റാവു നടത്തിയ പ്രസംഗത്തെ വിമർശിച്ച് കവിത അയച്ച കത്താണ് എല്ലാത്തിനും തുടക്കമിട്ടത്.
യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ കെ.സി.ആർ ബിജെപിയെ കൂടുതൽ ലക്ഷ്യം വെക്കണമെന്ന് സൂചിപ്പിച്ചായിരുന്നു കത്ത്. മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ സംവരണം (ബിസി സംവരണം) സംബന്ധിച്ചും ചന്ദ്രശേഖർ റാവു പരാമർശിച്ചില്ലെന്നും കത്തിൽ കവിത ചൂണ്ടിക്കാട്ടി. പിന്നാലെയാണ് വിവാദം കനത്തത്.
കവിത ബിആർഎസ് വിട്ട് കോൺഗ്രസിൽ ചേരുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഉയരുന്നത്. ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിലെല്ലാം കെടി രാമറാവു അടക്കം മൗനം പാലിച്ചത് കവിതയ്ക്ക് അതൃപ്തി ഉണ്ടാക്കി. കുറച്ചു കാലമായി കവിത ബിആർഎസിൽ അവഗണന നേരിടുന്നുവെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. പാർട്ടിയുടെ കൊടികളോ നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെ ബിസി സംവരണം ഉയർത്തണം എന്നാവശ്യപ്പെട്ട് കവിത പ്രചരണം നടത്തുന്നുവെന്നും റിപ്പോർട്ടുകളുമുണ്ട്.
മൂന്ന് ദിവസം മുമ്പ് ബിആർഎസ് നേതാക്കളായ എംപി ദാമോദർ റാവുവും പാർട്ടി ലീഗൽ സെൽ കൺവീനർ ഗന്ദ്ര മോഹൻ റാവുവും കവിതയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബിആർഎസിലെ ആശയക്കുഴപ്പം വർധിച്ചതോടെ കെസിആറിൽ നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ് പാർട്ടി നേതാക്കൾ.