NATIONAL

മുഖ്യമന്ത്രിയെ ഉൾപ്പെടുത്തി മുസ്ലീം വംശഹത്യയ്ക്ക് ആഹ്വാനം നൽകുന്ന വീഡിയോ; അസം ബിജെപിക്കെതിരെ വ്യാപക പ്രതിഷേധം

മുസ്ലീം വേഷധാരികളായ രണ്ടുപേരെ മുഖ്യമന്ത്രി തോക്ക് കൊണ്ട് വെടിവയ്ക്കുന്ന 'പോയിൻ്റ് ബ്ലാങ്ക് ഷോട്ട്' വീഡിയോ അസം ബിജെപിയുടെ ഒഫീഷ്യൽ എക്സ് പേജിലൂടെയാണ് പങ്കുവച്ചത്.

Author : ന്യൂസ് ഡെസ്ക്

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ ഉൾപ്പെടുത്തി മുസ്ലീം വംശഹത്യയ്ക്ക് പരസ്യമായി ആഹ്വാനം നൽകുന്ന വീഡിയോ പ്രചരിപ്പിച്ച അസം ബിജെപിക്കെതിരെ വ്യാപക പ്രതിഷേധം. മുസ്‌ലിം വേഷധാരികളായ രണ്ടുപേരെ മുഖ്യമന്ത്രി തോക്ക് കൊണ്ട് വെടിവയ്ക്കുന്ന 'പോയിൻ്റ് ബ്ലാങ്ക് ഷോട്ട്' വീഡിയോ അസം ബിജെപിയുടെ ഒഫീഷ്യൽ എക്സ് പേജിലൂടെയാണ് പങ്കുവച്ചത്. വിവാദമായതോടെ ഈ വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, പ്രതിപക്ഷം ഇത് ബിജെപിക്കെതിരെ ആഞ്ഞടിക്കാനുള്ള അവസരമാക്കി മാറ്റുകയാണ്. ഇത് രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്നും കടുത്ത ജുഡീഷ്യറി നടപടി വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഫാസിസ്റ്റ് ഭരണകൂടം പതിറ്റാണ്ടുകളായി മനസിൽ സൂക്ഷിക്കുന്ന ഒരു സ്വപ്നമാണിതെന്നും നരേന്ദ്ര മോദി ഇതിനെ അപലപിക്കുമെന്നോ അതിനെതിരെ നടപടിയെടുക്കുമെന്നോ പ്രതീക്ഷയില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശിച്ചു.

"ന്യൂനപക്ഷങ്ങളെ മുഴുവൻ കൊന്നൊടുക്കുമെന്ന് കാണിക്കുന്ന ഒരു വീഡിയോ ബിജെപിയുടെ ഔദ്യോഗിക ഹാൻഡിൽ പോസ്റ്റ് ചെയ്തു. ഇത് വംശഹത്യയ്ക്കുള്ള ആഹ്വാനമല്ലാതെ മറ്റൊന്നുമല്ല. ഈ ഫാസിസ്റ്റ് ഭരണകൂടം പതിറ്റാണ്ടുകളായി മനസിൽ സൂക്ഷിക്കുന്ന ഒരു സ്വപ്നം. ട്രോൾ ഉള്ളടക്കമായി അവഗണിക്കേണ്ട ഒരു നിരുപദ്രവകരമായ വീഡിയോയല്ല ഇത്. മുകളിൽ നിന്ന് പടരുന്ന വിഷമാണിത്. ഇതിന് അനന്തരഫലങ്ങൾ ഉണ്ടാകണം. നരേന്ദ്ര മോദി ഇതിനെ അപലപിക്കുമെന്നോ അതിനെതിരെ നടപടിയെടുക്കുമെന്നോ പ്രതീക്ഷയില്ല. പക്ഷേ ജുഡീഷ്യറി നടപടിയെടുക്കണം. ഈ കേസിൽ ഒരു വിട്ടുവീഴ്ചയും കാണിക്കരുത്," കെ.സി. വേണുഗോപാൽ എക്സിൽ കുറിച്ചു.

തൃണമൂൽ കോൺഗ്രസും ബിജെപി വീഡിയോക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. മുസ്ലീങ്ങളെ മനുഷ്യത്വവിരുദ്ധരാക്കി ചിത്രീകരിച്ച് വിദ്വേഷം പരത്താനുള്ള ചോരക്കൊതിയുടെ രാഷ്ട്രീയമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം വിമർശിച്ചു. ബിജെപി നേതാക്കളെ തടയാൻ അതിന് മുകളിലുള്ള സ്ഥാപനങ്ങളെ വെല്ലുവിളിക്കുകയുമാണ്

മുസ്‌ലിം വിരുദ്ധത മുഖമുദ്രയാക്കിയ ഹിമന്ത ബിശ്വ ശർമയുടെ മുൻകാല പ്രസ്താവനകളുടെ തുടർച്ചയായാണ് ഈ വീഡിയോ എന്നാണ് വിമർശനം. അസമിലെ മിയാ മുസ്‌ലിങ്ങളെ ബുദ്ധിമുട്ടിക്കലാണ് തൻ്റെ ജോലിയെന്നും അവരെ സമ്മർദ്ദത്തിലാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അസം മുഖ്യമന്ത്രി നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് മുസ്‌ലിം വോട്ടർമാരെ ഒഴിവാക്കുമെന്നും നിയമ പരിധിക്കുള്ളിൽ നിന്ന് അവരെ ബുദ്ധിമുട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ ഒരു പ്രത്യേക വിഭാഗത്തെ വെടിവെച്ചു കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ വേട്ട സർക്കാർ നയമായി മാറുന്നതിൻ്റെ ഒടുവിലത്തെ തെളിവാണ് ഈ വീഡിയോ എന്നും വിമർശനമുണ്ട്.

SCROLL FOR NEXT