NATIONAL

ഒന്നര വയസുള്ള കുഞ്ഞുമായി ദമ്പതികൾ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്നും മുത്തശ്ശിയും മരിച്ചു

ദമ്പതികള്‍ വീട്ടില്‍ നിന്നിറങ്ങിയതിനു പിന്നാലെ ഇവരുടെ മുത്തശ്ശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

കടപ്പ: ഒന്നര വയസുള്ള കുഞ്ഞിനേയുമെടുത്ത് ഭാര്യയും ഭര്‍ത്താവും ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. ആന്ധ്രപ്രദേശിലെ കടപ്പ റെയില്‍വെ സ്റ്റേഷനു സമീപമാണ് ദാരുണമായ സംഭവം നടന്നത്. ശ്രീരാമലു (35), സിരിഷ (30), ഇവരുടെ ഒന്നര വയസുള്ള മകന്‍ റിത്വിക് എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഗുഡ്‌സ് ട്രെയിന്‍ വരുമ്പോള്‍ കുടുംബം ട്രാക്കിലേക്ക് കയറി നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൃതദേഹങ്ങള്‍ ട്രാക്കില്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.

സംഭവം നടന്ന ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ ആര്‍ഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് സൂചന. കഴിഞ്ഞ ദിവസം വൈകിട്ട് ശ്രീരാമലുവും ഭാര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടില്‍ നിന്നിറങ്ങി ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്.

ദമ്പതികള്‍ വീട്ടില്‍ നിന്നിറങ്ങിയതിനു പിന്നാലെ ഇവരുടെ മുത്തശ്ശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT