ലഖ്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ പശു പാഞ്ഞടുത്തു. ഗോരഖ്‌നാഥ് മേൽപ്പാലം ഉദ്ഘാടനം ചെയ്യാൻ ആദിത്യനാഥ് എത്തിയപ്പോഴാണ് സംഭവം. പശു പാഞ്ഞടുത്തതിൻ്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ അധികൃതർ അന്വേഷണത്തിന് ഉത്തരവിടുകയും ഒരു മുനിസിപ്പൽ കോർപ്പറേഷൻ സൂപ്പർവൈസറെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
കാറിൽ നിന്ന് ആദ്യം രവി കിഷൻ എംപിയാണ് ഇറങ്ങി വന്നത്. പിന്നാലെ മുഖ്യമന്ത്രി ഇറങ്ങിയപ്പോഴാണ് പശു കാറിനടുത്തേക്ക് ഓടി വന്നത്. എല്ലാ വിധ സുരക്ഷാ പരിശോധനകൾ ഉണ്ടായിരുന്നിട്ടും, സുരക്ഷാ പരിധി ലംഘിച്ചുകൊണ്ട് പശു എങ്ങനെ കടന്നുവെന്ന് അന്വേഷിക്കാൻ മുനിസിപ്പൽ കമ്മീഷണർ ഗൗരവ് സിംഗ് സോഗ്രവാൾ ഉത്തരവിട്ടു.
പ്രാഥമിക അന്വേഷണത്തിൽ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന മുനിസിപ്പൽ കോർപ്പറേഷൻ സൂപ്പർവൈസർ അരവിന്ദ് കുമാറിൻ്റെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായതായി കണ്ടെത്തി. പിന്നാലെ അയാളെ സസ്‌പെൻഡ് ചെയ്തു. വിവിഐപി സുരക്ഷയിലെ ഏതെങ്കിലും വീഴ്ച അനുവദിക്കില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ക്രമീകരണങ്ങൾ പുനഃപരിശോധിക്കുകയും കർശനമാക്കുകയും ചെയ്യുമെന്ന് കമ്മീഷണർ അറിയിച്ചു.