Source: NDTV
NATIONAL

ക്രിക്കറ്റിലൂടെ മുറിവുണക്കി പരിവർത്തന പാതയിൽ പുൽവാമയും കശ്മീരും; ഇതാണ് യഥാർഥ കശ്മീരി സ്റ്റോറി!

വെടിയൊച്ചകൾ മാത്രം മുഴങ്ങിയിരുന്ന കശ്മീരിലെ പുൽവാമ ജില്ലയിൽ ഇപ്പോൾ ബാറ്റും ബോളും കൂട്ടിയിടിക്കുന്ന സുന്ദര ശബ്ദമാണ് പുതുവിപ്ലവം തീർക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

പുൽവാമ: ഒരുകാലത്ത് അശാന്തിയുടെയും അക്രമത്തിൻ്റേയും പര്യായമായിരുന്ന പുൽവാമ ഇപ്പോൾ ശ്രദ്ധേയമായ ഒരു മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. വർഷങ്ങളോളം വെടിയൊച്ചകൾ മാത്രം മുഴങ്ങിയിരുന്ന കശ്മീരിലെ പുൽവാമ ജില്ലയിൽ ഇപ്പോൾ ബാറ്റും ബോളും കൂട്ടിയിടിക്കുന്ന സുന്ദര ശബ്ദമാണ് പുതുവിപ്ലവം തീർക്കുന്നത്.

ചരിത്രത്തിൽ ആദ്യമായി ജമ്മു കശ്മീരിലെ പുൽവാമ ജില്ല 'റോയൽ പ്രീമിയർ ലീഗിന്' ആതിഥേയത്വം വഹിക്കുകയാണ്. രാത്രി ഫ്ലഡ്‌ലൈറ്റുകൾക്ക് കീഴിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെൻ്റ്, ഇന്ത്യ-പാക് അതിർത്തി പ്രദേശത്ത് പ്രതീക്ഷയുടെയും സമാധാനത്തിന്റെയും പുരോഗതിയുടെയും ഒരു പുതിയ അധ്യായമാണ് അടയാളപ്പെടുത്തുന്നത്.

നൂറുകണക്കിന് കാണികളാണ് ലൈവ് ക്രിക്കറ്റ് ആക്ഷൻ നേരിൽ കാണാൻ എല്ലാ ദിവസവും ഇവിടെ ഒത്തുകൂടുന്നത്. ഈ വേദിയെ കായികക്ഷമതയുടെയും ഐക്യത്തിൻ്റെയും ഊർജ്ജസ്വലമായ ആഘോഷമാക്കി മാറ്റുകയാണ് സംഘാടകർ. 2019 ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണം ഉൾപ്പെടെ ദാരുണമായ സംഭവങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം നേടിയ ഒരു ജില്ലയ്ക്ക് ഇതൊരു സുപ്രധാന നാഴികക്കല്ലായിരുന്നു. പുൽവാമ ഭീകരാക്രമണത്തിൽ അന്ന് 40 സിആർപിഎഫ് സൈനികരാണ് കൊല്ലപ്പെട്ടത്.

കശ്മീരിലെ യുവത്വത്തിൻ്റെ മികച്ച ഭാവിയിലേക്കുള്ള ചുവടുവയ്പ്പാണിതെന്ന് പിഡിപി എംഎൽഎ വഹീദ പര എൻഡിടിവിയോട് പ്രതികരിച്ചു. "ഇതാദ്യമായാണ് ഇവിടെയൊരു ക്രിക്കറ്റ് ടൂർണമെൻ്റ് നടത്തപ്പെടുന്നതും ഇത്രയധികം പേർ മത്സരം കാണാനെത്തുന്നതും. വർഷങ്ങളായുള്ള അശാന്തിക്ക് ശേഷം ഒടുവിൽ കശ്മീരിലെ യുവാക്കൾക്ക് ഈ അവസരം ലഭിച്ചതിനാൽ, ഇത് പുതിയ പ്രതീക്ഷയുടെ തുടക്കമാണ്. എല്ലാ ജില്ലകളിലും ഇത്തരം ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും," വഹീദ പര കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിൽ നിന്നുള്ള 12 ടീമുകളാണ് റോയൽ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നത്. റോയൽ ഗുഡ്‌വിലും സുൽത്താൻ സ്പ്രിംഗ്‌സ് ബാരാമുള്ളയും തമ്മിലായിരുന്നു. വെറുമൊരു ക്രിക്കറ്റ് ടൂർണമെൻ്റ് എന്നതിനപ്പുറം കശ്മീർ ജനതയുടെ പരിവർത്തനത്തിൻ്റെ കൂടി പ്രതീകമായി മാറുകയാണ് 'റോയൽ പ്രീമിയർ ലീഗ്. ഭീകരാക്രമണങ്ങൾക്കും സൈനിക ഏറ്റുമുട്ടലുകൾക്കും പേരുകേട്ട കശ്മീരി താഴ്വരയിൽ, ആളുകളെ കൂട്ടത്തോടെ ഒന്നിച്ചു കൊണ്ടുവരാനും, യുവാക്കളെ പ്രചോദിപ്പിക്കാനും, ശോഭനമായ ഭാവിയിലേക്ക് വഴിയൊരുക്കാനുമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നത്.

പുൽവാമയിൽ അന്ന് സംഭവിച്ചത്!

ജമ്മു കശ്മീരിൽ പുൽവാമ ജില്ലയിലെ അവന്തിപുരയ്ക്ക് അടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി 14ന് ഭീകരർ മനുഷ്യ ചാവേർ ആക്രമണം നടത്തുകയുണ്ടായി. അവന്തിപുരയ്ക്ക് അടുത്തുള്ള ലെത്തപ്പോരയിൽ വച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്കോർപിയോ സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.

ശക്തമായ സ്ഫോടനത്തിൽ 40 സിആർപിഎഫ് ജവാന്മാരും ചാവേറായിരുന്ന ആദിൽ അഹമ്മദ് ദാറും കൊല്ലപ്പെട്ടു. പുൽവാമ ജില്ലക്കാരനായിരുന്ന കശ്മീരി യുവാവായിരുന്നു ആദിൽ. പിന്നീട് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാകിസ്ഥാൻ ആസ്ഥാനമായുള്ള ഇസ്ലാമിക ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.

SCROLL FOR NEXT