തമിഴ്നാട് മുൻ വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷിൻ്റെ വസതിയിൽ ക്രൈംബ്രാഞ്ച് പരിശോധന 
NATIONAL

അഴിമതി കേസ്; തമിഴ്നാട് മുൻ വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷിൻ്റെ വസതിയിൽ ക്രൈംബ്രാഞ്ച് പരിശോധന

തിരുച്ചിറപ്പള്ളി തെന്നൂർ അണ്ണാനഗറിലെ വസതിയിലും അദ്ദേഹവുമായി ബന്ധമുള്ള ആറ് ഇടങ്ങളിലുമാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുച്ചിറപ്പള്ളി: സ്വകാര്യ സ്കൂളുകൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന 100 കോടി രൂപയുടെ അഴിമതിക്കേസിൽ തമിഴ്നാട് മുൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഡിഎംകെ നേതാവുമായ അൻബിൽ മഹേഷ് പൊയ്യാമൊഴിയുടെ വീട്ടിൽ സെൻട്രൽ ക്രൈംബ്രാഞ്ച് റെയ്ഡ്. തിരുച്ചിറപ്പള്ളി തെന്നൂർ അണ്ണാനഗറിലെ വസതിയിലും അദ്ദേഹവുമായി ബന്ധമുള്ള മറ്റ് ആറ് ഇടങ്ങളിലുമാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്. വൻ പൊലീസ് സന്നാഹത്തോടെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയിട്ടുള്ളത്. പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായാണ് വിവരം.

കഴിഞ്ഞ ഡിഎംകെ സർക്കാരിൻ്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു അൻബിൽ മഹേഷ്. ഈ കാലയളവിൽ സംസ്ഥാനത്തെ വിവിധ സ്വകാര്യ സ്കൂളുകൾക്ക് സ്ഥിരമായ അംഗീകാരവും മറ്റ് അനുമതികളും നൽകുന്നതിനായി 100 കോടിയിലധികം രൂപ കോഴയായി വാങ്ങി വൻ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

ഈ അഴിമതിയുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവ് പി.ടി അരശുകുമാറിനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി മുൻ മന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നിലവിലെ പരിശോധനകൾ നടക്കുന്നത്. വഞ്ചിതരായ സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് അരശുകുമാറിനെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ഇയാൾക്കെതിരെ ഗുണ്ടാ നിയമവും ചുമത്തിയിട്ടുണ്ട്.

അഴിമതിപ്പണം എവിടേക്കാണ് പോയതെന്നും ഇതിൽ ഉന്നതർക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഈ അന്വേഷണത്തിനൊടുവിലാണ് മുൻ മന്ത്രിയുടെ പങ്കിലേക്ക് വിരൽചൂണ്ടുന്ന നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ സൂചന നൽകിയിരുന്നു.

SCROLL FOR NEXT