നോയിഡ: വെള്ളക്കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. മകനെ രക്ഷിക്കാനായി അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന് മരണപ്പെട്ട യുവരാജിന്റെ പിതാവ് ആരോപിച്ചു.
നോയിഡയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവരാജ് മെഹ്ത(27) വെള്ളക്കുഴിയില്‍ വീണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ റോഡരികിലെ മതിലില്‍ ഇടിച്ച് യുവരാജിന്റെ കാര്‍ അടുത്തുള്ള വെള്ളക്കുഴിയിലേക്ക് വീഴുകയായിരുന്നു. നോയിഡയിലെ സെക്ടര്‍ 150 ക്ക് സമീപമായിരുന്നു അപകടം.
കനത്ത മൂടല്‍ മഞ്ഞ് കാരണം കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമായത്. വെള്ളക്കെട്ടില്‍ വീണ് അഞ്ച് മണിക്കൂറിനു ശേഷമാണ് യുവരാജിന്റെ കാര്‍ പുറത്തെടുക്കാനായത്. രണ്ട് മണിക്കൂറോളം കാറിനുള്ളില്‍ മകന് ജീവനുണ്ടായിരുന്നുവെന്ന് പിതാവ് രാജ്കുമാര്‍ മെഹ്ത പറഞ്ഞു.
രണ്ട് മണിക്കൂറോളം മകന്‍ കാറിലിരുന്ന് ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കരഞ്ഞു വിളിക്കുകയായിരുന്നു. അധികൃതരും ഉദ്യോഗസ്ഥരുമെല്ലാം ഉണ്ടായിട്ടും ആര്‍ക്കും അവനെ രക്ഷിക്കാനായില്ല. ഒരു മുങ്ങല്‍ വിദഗ്ധന്‍ പോലും സംഘത്തിലുണ്ടായിരുന്നില്ല. അധികൃതരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായി എന്നതില്‍ ഒരു സംശയവുമില്ലെന്നും രാജ്കുമാര്‍ മെഹ്ത പറഞ്ഞു.
ജീവന് വേണ്ടി അവന്‍ കരയുമ്പോള്‍ ആളുകള്‍ നോക്കി നില്‍ക്കുകയായിരുന്നു. ചിലര്‍ വീഡിയോ എടുക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം അവന്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ അവന്‍ കഷ്ടപ്പെടുകയായിരുന്നു.
എഴുപത് അടിയോളം താഴ്ചയുള്ള കുഴിയിലേക്കാണ് യുവരാജിന്റെ കാര്‍ വീണത്. കാര്‍ വീണതിനു പിന്നാലെ, യുവരാജ് പിതാവിനെ വിളിച്ച് അപകടത്തില്‍ പെട്ടതായി അറിയിച്ചിരുന്നു. പിതാവാണ് പൊലീസിനേയും അധികൃതരേയും വിവരമറിയിച്ചത്. അപകടം നടന്ന് അഞ്ച് മണിക്കൂറിനു ശേഷമാണ് കാര്‍ പുറത്തെടുക്കാനായത്. ഈ സമയം കൊണ്ട് യുവരാജ് മരണപ്പെട്ടിരുന്നു.
സംഭവത്തില്‍ യുവരാജിന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. യുവരാജിനെ രക്ഷിക്കാനായി ഡെലിവറി ജീവനക്കാരനായ മൊഹീന്ദര്‍ എന്നയാളാണ് കുഴിയിലേക്ക് എടുത്ത് ചാടിയത്. വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നായിരുന്നു മൊഹീന്ദറിന്റെ പ്രതികരണം.
എന്നാല്‍, പൊലീസിന്റേയും അഗ്നിശമനസേനയുടേയും ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. മൂടല്‍മഞ്ഞാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായതെന്നാണ് പൊലീസ് പറയുന്നത്. ക്രെയിനടക്കമുള്ള സംവിധാനങ്ങള്‍ എത്തിച്ചിട്ടും തിരിച്ചടിയായത് മൂടല്‍ മഞ്ഞാണ്.