പ്രതീകാത്മക ചിത്രം  Image: ANI
NATIONAL

ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ കനത്ത മഴ; നിരവധി ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള 47 വിമാന സര്‍വീസുകളും റദ്ദാക്കി

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ തമിഴ്‌നാട്. ചുഴലിക്കാറ്റ് തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്ക് അടുത്തതോടെ തീരപ്രദേശങ്ങളോട് ചേര്‍ന്നുള്ള പല ഭാഗത്തും കനത്ത മഴ തുടരുകയാണ്. തമിഴ്‌നാട്, പുതുച്ചേരി ആന്ധ്രാപ്രദേശ് തീരങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള 47 വിമാന സര്‍വീസുകളും റദ്ദാക്കി. വില്ലുപുരത്ത് എന്‍ഡിആര്‍എഫിനെ വിന്യസിച്ചു. നിലവില്‍ വടക്കന്‍ തമിഴ്നാട്-പുതുച്ചേരി തീരങ്ങളോട് ചേര്‍ന്നുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ചുഴലിക്കാറ്റുള്ളത്.

നാഗപട്ടണം ജില്ലയിലെ വേതാരണ്യം തീരത്തോട് അടുത്താണ് നിലവില്‍ ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കോട്ട് ദിശയില്‍ വടക്കന്‍ തമിഴ്നാട്-പുതുച്ചേരി തീരങ്ങള്‍ക്ക് സമാന്തരമായി നീങ്ങാനാണ് സാധ്യത.

നിലവിലെ സൂചനകള്‍ അനുസരിച്ച്, ചുഴലിക്കാറ്റ് കരയില്‍ നേരിട്ട് പ്രവേശിക്കാന്‍ സാധ്യതയില്ല. എന്നാല്‍ തീരത്തോട് വളരെ അടുത്തുകൂടി കടന്നുപോകും. മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 90 കിലോമീറ്റര്‍ വരെയും കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

റെഡ് അലേര്‍ട്ട്:

കൂടല്ലൂര്‍, വില്ലുപുരം, ചെങ്കല്‍പേട്ട്, മയിലാടുതുറൈ, ഡെല്‍റ്റാ ജില്ലകള്‍ എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്.

രാമേശ്വരം, നാഗപട്ടണം എന്നീ തീരദേശ പട്ടണങ്ങളില്‍ കനത്ത മഴയില്‍ നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതിനാല്‍ സാധാരണ ജീവിതം തടസ്സപ്പെട്ടു.

യെമന്‍ ആണ് ചുഴലിക്കാറ്റിന് ഡിറ്റ് വാ എന്ന പേര് നിര്‍ദേശിച്ചത്. സൊകോത്രയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള ഒരു വലിയ ഉപ്പുജലാശയമായ ഡെത്വാ ലഗൂണില്‍ നിന്നാണ് ഇത് ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

SCROLL FOR NEXT