Source: X/ banojyotsna
NATIONAL

"പ്രിയപ്പെട്ട ഉമര്‍, ഞങ്ങളുടെ ചിന്തകളിൽ എന്നും നീയുണ്ട്"; ഉമര്‍ ഖാലിദിന് സൊഹ്‌റാന്‍ മംദാനിയുടെ കത്ത്

മംദാനി അയച്ച കത്ത് ഉമർ ഖാലിദിന്റെ പങ്കാളിയായ ബനോജ്യോത്സ്ന ലാഹിരി എക്സിൽ പങ്കുവച്ചു

Author : അഹല്യ മണി

ന്യൂ ഡൽഹി: കലാപ ഗൂഢാലോചനക്കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎൻയു പൂർവ വിദ്യാർഥി ഉമർ ഖാലിദിന് ഐക്യദാർഢ്യമറിയിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. മംദാനി ഉമർ ഖാലിദിന് അയച്ച കത്ത് ഖാലിദിന്റെ പങ്കാളിയായ ബനോജ്യോത്സ്ന ലാഹിരി പങ്കുവച്ചു. ഞങ്ങളുടെ എല്ലാവരുടെയും ചിന്തയിൽ നിങ്ങളുണ്ടെന്നാണ് മംദാനിയുടെ കത്തിൽ പറയുന്നത്. കഴിഞ്ഞ ദിവസം മംദാനി ന്യൂയോർക്ക് മേയറായി സ്ഥാനമേറ്റതിന് പിന്നാലെയാണ് മംദാനിയുടെ കൈപ്പടയിലുള്ള കത്ത് ബനോജ്യോത്സ്ന എക്സിൽ പങ്കുവച്ചത്.

"പ്രിയപ്പെട്ട ഉമർ, കയ്‌പ്പേറിയ അനുഭവങ്ങളെ കുറിച്ചുള്ള നിന്റെ വാക്കുകളും, നിന്നെ കുറിച്ചും എന്നും ഓര്‍ക്കാറുണ്ട്. നിങ്ങളുടെ മാതാപിതാക്കളെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം" ഇത്തരത്തിലെഴുതിയ കത്താണ് എക്സിൽ പങ്കുവച്ചത്. ഡിസംബറിൽ ഉമർ ഖാലിദിൻ്റെ മാതാപിതാക്കൾ യുഎസ് സന്ദർശിച്ചപ്പോഴാണ് മംദാനി കുറിപ്പ് കൈമാറിയത്. സഹോദരിയുടെ വിവാഹത്തിന് മുന്നോടിയായി മകളെ സന്ദർശിക്കാനാണ് ഉമറിന്റെ മാതാപിതാക്കളായ സാഹിബ ഖാനവും സയിദ് ഖാസിം റസൂൽ ഇല്യാസും യുഎസിൽ എത്തിയത്. അവിടെ വച്ച് അവർ മംദാനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് കുറിപ്പ് കൈമാറിയതെന്ന് ബനോജ്യോത്സ്‌ന അറിയിച്ചു.

2020 ഡിസംബറിലാണ് ഡൽഹി കലാപ ഗൂഢാലോചനക്കസിൽ ഉമർ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഡിസംബറിൽ ഉമറിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. നേരത്തെ 2023ൽ ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിൽ ഉമർ ഖാലിദ് ജയിലിൽ നിന്ന് എഴുതിയ കുറിപ്പുകളിൽ നിന്നുള്ള ഭാഗങ്ങൾ മംദാനി വായിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂയോര്‍ക്ക് സന്ദർശനത്തോടനുബന്ധിച്ച പരിപാടിയിലായിലായിരുന്നു സംഭവം.

SCROLL FOR NEXT