Source: X
NATIONAL

150 പേരുണ്ടായിരുന്ന ജിമ്മിൽ ഇപ്പോഴുള്ളത് 15 പേർ; സത്യസന്ധതയ്ക്ക് കൊടുക്കേണ്ടി വന്ന വിലയെന്ന് ബജ്‌റംഗ് ദൾ പ്രവർത്തകരുടെ ആക്രമണത്തിൽ നിന്ന് മുസ്ലീം വൃദ്ധനെ രക്ഷിച്ച ദീപക്

കുടുംബത്തിൻ്റെ ഏക വരുമാനമാർഗമാണ് ഇതോടെ പ്രതിസന്ധിയിലാവുന്നതെന്നും ദീപക് പറഞ്ഞു

Author : വിന്നി പ്രകാശ്

ഉത്തരഖണ്ഡിൽ ബജ്‌റംഗ് ദൾ പ്രവർത്തകരുടെ അതിക്രമത്തിൽ നിന്ന് വയോധികനെ രക്ഷപ്പെടുത്തിയ ദീപക് കുമാർ പ്രതിസന്ധിയിൽ. ദീപകിൻ്റെ ഉപജീവന മാർഗമായ ജിമ്മിൽ ആളുകളുടെ എണ്ണം കുറയുന്നു. 150 അംഗങ്ങളുണ്ടായിരുന്ന ജിമ്മിൽ ഇപ്പോൾ 15 പേർ മാത്രമാണ് അവശേഷിക്കുന്നതെന്ന് ദീപക് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആളുകൾ ഭയം കൊണ്ടാണ് എത്താത്തതെന്നും കുടുംബത്തിൻ്റെ ഏക വരുമാനമാർഗമാണ് ഇതോടെ പ്രതിസന്ധിയിലാവുന്നതെന്നും ദീപക് പറഞ്ഞു.

ജനുവരി 26 നാണ് പാർക്കിൻസൺസ് രോഗം ബാധിച്ച 70 കാരനായ മുസ്ലീമായ കടയുടമയെ ശല്യപ്പെടുത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകരെ ദീപക് നേരിട്ടത്. കടയുടെ പേരിൽ നിന്നും ബാബ എന്ന വാക്ക് ഒഴിവാക്കാൻ ആവശ്യപ്പെട്ടായിരുന്നു ബജ്റംഗ് ദൾ പ്രവർത്തകരുടെ അതിക്രമം. ഇതിനെ തടഞ്ഞ ദീപകിനോട് പേര് ചോദിച്ചപ്പോൾ ദീപക് തൻ്റെ പേര് മുഹമ്മദ് ദീപക് എന്നാണെന്ന് പറഞ്ഞിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി പേർ ദീപകിന് പിന്തുണയുമായെത്തുകയും ചെയ്തു. ഇതിന് പിന്നാലെ ദീപകിനെതിരെ ആക്രമണ ആഹ്വാനവുമായി ബജ്‌റംഗ് ദൾ പ്രവർത്തകർ രംഗത്തെത്തി. ജനുവരി 31 ന് ദീപക്കിനെ നേരിടാൻ ബജ്‌റംഗ് ദൾ പ്രവർത്തകർ ഒത്തുകൂടിയെങ്കിലും പൊലീസ് ഇവരെ തടയുകയായിരുന്നു.

ഈ സംഭവത്തെ തുടർന്നാണ് 150 അംഗങ്ങളുണ്ടായിരുന്ന ദീപക്കിൻ്റെ ജിമ്മിലെ അംഗങ്ങളുടെ എണ്ണം 15 ആയി കുറഞ്ഞത്. ആളുകൾ ഭയപ്പെടുന്നത് തനിക്ക് മനസിലാകുമെന്നും എന്നാൽ പ്രതിമാസം 40,000 രൂപ വാടക നൽകേണ്ട ജിമ്മിൽ ആളുകൾ കുറഞ്ഞതോടെ കുടുംബത്തിൻ്റെ ഏക വരുമാനം പ്രതിസന്ധിയിലായിരിക്കുകയാണെന്നും ദീപക് പറഞ്ഞു. എന്നാൽ ബാക്കി ഉള്ള അംഗങ്ങൾ അവിടെ തന്നെ തുടരുമെന്നും ഒരിക്കൽ കസ്റ്റമറെ നഷ്ടപ്പെട്ടാൽ പിന്നീട് തിരികെ കൊണ്ടുവരാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭയിലെ സിപിഐഎം എംപി ജോൺ ബ്രിട്ടാസ് ഞായറാഴ്ച ബാബ ഡ്രെസിൻ്റെ ഉടമയായ വക്കീൽ അഹമ്മദ്, ദീപക് എന്നിവരെ സന്ദർശിക്കുകയും അംഗങ്ങൾ കൊഴിഞ്ഞു പോയ്ക്കൊണ്ടിരിക്കുന്ന ദീപക്കിൻ്റെ ജിം സന്ദർശിച്ച് അംഗത്വം എടുത്തതായും സിപിഐഎം ട്വീറ്റിലൂടെ വ്യക്തമാക്കി.

ദീപക്കിനെതിരെ കേസെടുത്ത കോട്വാർ പൊലീസ് സ്റ്റേഷനിലും ബ്രിട്ടാസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഫാസിസ്റ്റ് ഗുണ്ടകൾക്കെതിരെ നിർഭയമായി നിലപാട് സ്വീകരിച്ചതിന് 'മുഹമ്മദ്' ദീപക്കിനെ അദ്ദേഹം അഭിനന്ദിക്കുകയും അദ്ദേഹത്തെപ്പോലുള്ള ആളുകളാണ് രാജ്യത്തിൻ്റെ യഥാർഥ പ്രതീക്ഷയും ശക്തിയും എന്ന് അഭിനന്ദിക്കുകയും ചെയ്തു.

താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴും കരുതുന്നില്ലെന്നും പുറത്തു നിന്നുള്ള ആളുകളുടെ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും പട്ടണത്തിലുള്ളവർ ഇതുവരെ വന്നിട്ടില്ലെന്നും ദീപക് വ്യക്തമാക്കി. കാര്യങ്ങൾ പതുക്കെ ശരിയാകുമെന്ന് കരുതുന്നതായും ദീപക് പ്രതീക്ഷ പങ്കുവെച്ചു. അതേസമയം, പോലീസ് കുമാറിന് സംരക്ഷണം നൽകുകയും പട്ടണത്തിൽ അധിക സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

SCROLL FOR NEXT