NATIONAL

"ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയും വധത്തിൽ സോണിയ ഗാന്ധിക്ക് പങ്ക്?"; കങ്കണ റണാവത്തിനെതിരെ ഹിമാചലില്‍ എഫ്ഐആര്‍

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും മക്കളായ സഞ്ജയ് ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണവുമായി ബന്ധപ്പെട്ട് നവംബര്‍ 10 ന് കങ്കണ നടത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

ഷിംല: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ലക്ഷ്യമിട്ടുള്ള പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി എംപി കങ്കണ റണാവത്തിനെതിരെ ഷിംലയില്‍ പോലീസ് കേസെടുത്തു. ഹിമാചലില്‍ ഇത് പുതിയ രാഷ്ട്രീയ സംഘര്‍ഷത്തിന് വഴിവെച്ചിരിക്കുകയാണ്. രാഷ്ട്രീയ പ്രേരിത നീക്കമാണെന്നാണ് ബിജെപിയുടെ ആരോപണം.

ഹിമാചലിലെ മാണ്ഡിയില്‍ നിന്നുള്ള ലോക്സഭാ എംപിയായ കങ്കണക്കെതിരെ ശത്രുതയുണ്ടാക്കല്‍, വിദ്വേഷ പ്രചരണം, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഷിംല പൊലീസ് വെള്ളിയാഴ്ച കേസെടുത്തത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും മക്കളായ സഞ്ജയ് ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണവുമായി ബന്ധപ്പെട്ട് നവംബര്‍ 10 ന് കങ്കണ നടത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വിമര്‍ശകരെ അടിച്ചമര്‍ത്താന്‍ ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണെന്നാണ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജയറാം ഠാക്കൂറിന്റെ ആരോപണം. കങ്കണയുടെ പരാമര്‍ശം വ്യക്തിപരമായ അഭിപ്രായമാണെന്നും ജനാധിപത്യത്തില്‍ ഓരോ വ്യക്തിക്കും സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഫ്ഐആര്‍ നടപടി കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാരമാണെന്നും സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളോട് കോണ്‍ഗ്രസിന് അസഹിഷ്ണുതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാതി പ്രകാരം, കങ്കണയുടെ സോഷ്യല്‍മീഡിയ ഹാന്‍ഡിലില്‍ നിന്നുള്ള ഒരു പോസ്റ്റില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ 'നിഗൂഢമായ വിദേശ വനിത' എന്നാണ് പരാമര്‍ശിച്ചത്. മേനക ഗാന്ധിയോടുള്ള ഇന്ദിരാഗാന്ധിയുടെ തണുത്ത സമീപനവും ഗാന്ധി കുടുംബത്തിലുണ്ടായ ദുരൂഹതകളുമെല്ലാം ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായിട്ടാണ് കങ്കണയുടെ പോസ്റ്റ്. സഞ്ജയ് ഗാന്ധിയുടെ മരണം, മേനകയെ വീട്ടിൽനിന്ന് പുറത്താക്കിയത്, പിന്നീട് ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയും വധം എന്നിവ പരാമർശിച്ച കങ്കണ, സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉയർച്ചയെയും ചോദ്യം ചെയ്തു. ‌

SCROLL FOR NEXT