ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയായ സര്‍ ക്രീക്കില്‍ പാകിസ്ഥാന്‍ സൈനിക സൗകര്യം വര്‍ധിപ്പിക്കുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 78 വര്‍ഷം പിന്നിടുമ്പോഴും സര്‍ ക്രീക്കിലെ അതിര്‍ത്തി പ്രശ്‌നം അവസാനിച്ചിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ പലതവണ ശ്രമിച്ചിട്ടുണ്ട്. പക്ഷെ പാകിസ്ഥാന്റെ ലക്ഷ്യങ്ങളില്‍ പ്രശ്‌നങ്ങളുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള റിവര്‍ ഡെല്‍റ്റയെന്ന് അറിയപ്പെടുന്ന സിന്ധു നദി ഡെല്‍റ്റയിലെ ജനവാസമില്ലാത്ത പ്രദേശമാണ് സര്‍ ക്രീക്ക്. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിന് സമീപമാണ് ഈ പ്രദേശം.
'പാകിസ്ഥാന്‍ സൈന്യം അടുത്തിടെ അവരുടെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ ക്രീക്കില്‍ വര്‍ധിപ്പിച്ച് വരുന്നുണ്ട്. ഇന്ത്യന്‍ സൈന്യവും ബിഎസ്എഫും ജാഗ്രതയോടെ അതിര്‍ത്തി സംരക്ഷിച്ച് വരികയാണ്. സര്‍ ക്രീക്ക് പ്രദേശത്ത് എന്തെങ്കിലും തരത്തില്‍ പാകിസ്ഥാന്‍ ഒരു തെറ്റായ നീക്കം നടത്തിയാല്‍ അതിന് വലിയ തിരിച്ചടി നേരിടേണ്ടി വരും,' അദ്ദേഹം പറഞ്ഞു.
1965ലെ യുദ്ധത്തില്‍ ലാഹോര്‍ വരെ എത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കുമെന്ന് തെളിയിച്ചതാണ്. ഇന്ന് 2025 ആണ്. ക്രീക്കിലൂടെയാണ് കറാച്ചിയിലേക്ക് പോകാനുള്ള ഒരു പാതയുള്ളതെന്ന് പാകിസ്ഥാന്‍ മനസിലാക്കണമെന്നും രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കി.
ഓപ്പറേഷന്‍ സിന്ദൂറിനിടെ ലേ മുതല്‍ സര്‍ ക്രീക്ക് വരെയുള്ള അതിര്‍ത്തികളില്‍ പാകിസ്ഥാന് ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തില്‍ ഒരു വിള്ളല്‍ പോലും വീഴ്ത്താന്‍ സാധിച്ചിട്ടില്ല. ഇന്ത്യയുടെ സായുധ സൈന്യം പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സൈനിക നടപടികള്‍ ഭീകരവാദത്തിനെതിരായിരുന്നു. അതുകൊണ്ട് ഇന്ത്യ പ്രാധാന്യം നല്‍കിയത് അത്തരം കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതില്‍ മാത്രമാണ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യം ഒരിക്കലും യുദ്ധത്തിന് കോപ്പുകൂട്ടലോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കലോ ആയിരുന്നില്ല. എന്തൊക്കെ പറഞ്ഞാലും ഭീകരവാദത്തിനെതിരായ യുദ്ധം തുടരുക തന്നെ ചെയ്യുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.