NATIONAL

ഡെറാഡൂണിൽ യുവതിയെ പത്ത് മാസത്തോളം ശുചിമുറിയില്‍ പൂട്ടിയിട്ടു; ഭർത്താവിനും കുടംബത്തിനുമെതിരെ നടപടി

യുവതിക്ക്, അരിയും ഉള്ളിയും മുളകുമാണ് കഴിക്കാൻ നൽകിയിരുന്നത്. കുപ്പിയും വടിയും മറ്റും ഉപയോഗിച്ച് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപിച്ചതായും കണ്ടെത്തി

Author : ന്യൂസ് ഡെസ്ക്

ഡെറാഡൂൺ: ഡെറാഡൂണിൽ ഭർതൃവീട്ടുകാർ യുവതിയെ പത്ത് മാസത്തോളം ശുചിമുറിയില്‍ പൂട്ടിയിട്ടതായി പരാതി. ഇരട്ടകുട്ടികളുടെ അമ്മയായ യുവതിയാണ്, ഭർത്താവ് രാഹുൽ ഖണ്ഡൂരിയുടെ വീട്ടിൽ പൈശാചികമായ പീഡനത്തിന് ഇരയായത്. യുവതിയുടെ പിതാവിന്റെ പരാതിയില്‍ സെലാകുയി പൊലീസ് ഭർത്താവിനെയും ഭർതൃപിതാവിനെയും അറസ്റ്റുചെയ്തു. രാഹുലും മാതാപിതാക്കളും കേസിൽ പ്രതികളാണ്.

കഴിഞ്ഞ വർഷം ജൂലൈ മുതൽ പകൽ സമയത്തെല്ലാം ശുചിമുറിയിൽ പൂട്ടിയിട്ടിരുന്ന യുവതിക്ക്, അരിയും ഉള്ളിയും മുളകുമാണ് കഴിക്കാൻ നൽകിയിരുന്നത്. കുപ്പിയും വടിയും മറ്റും ഉപയോഗിച്ച് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപിച്ചതായും കണ്ടെത്തി. കൊടിയ പീഡനമേറ്റ് മാനസികനില തെറ്റിയ അവസ്ഥയിലായിരുന്നു പൊലീസ് കണ്ടെത്തുമ്പോള്‍ യുവതി.

രണ്ട് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് 2025 ഫെബ്രുവരിയിൽ ഇരട്ടക്കുട്ടികൾ ജനിച്ചു. ഭർത്താവ് ഡൽഹിയിൽ ജോലി ചെയ്തിരുന്ന സമയത്ത് യുവതി ഭർതൃവീട്ടുകാർക്കൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ജൂലൈ മുതൽ യുവതിയെ മുറിയിലും ടോയ്‌ലറ്റിലുമായി അടച്ചിട്ടിരിക്കുകയാണെന്നും ഭർതൃവീട്ടുകാർ പതിവായി ശാരീരിക പീഡനം നടത്തുന്നതായും പിതാവ് ആരോപിച്ചു. ഭർത്താവും അച്ഛനും അമ്മയും ചേർന്ന് ക്രൂരമായി മർദിച്ചതായും പറയുന്നു.

ഡ്രെയിൻ പൈപ്പുകൾ, വടികൾ, കസേരകൾ, ഫ്ലോർ വൈപ്പറുകൾ എന്നിവ ഉപയോഗിച്ച് മർദിച്ചെന്ന് പരാതിയിൽ പറയുന്നു. തലയിലെ മുടി ബലമായി പറിച്ചെടുക്കാൻ ശ്രമിച്ചതായും അധിക്ഷേപിക്കുക മാത്രമല്ല, മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പിതാവ് നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ 10 മാസത്തിനിടെ, തന്റെ മകൾക്ക് കുടുംബത്തെ സന്ദർശിക്കാനോ ഫോണിൽ സംസാരിക്കാനോ അനുവാദം നൽകിയില്ലെന്നും പിതാവ് നൽകിയ പരാതിയിൽ പറയുന്നു.

SCROLL FOR NEXT