NATIONAL

ഡൽഹിയിൽ തീപിടിത്തം; കുട്ടിയടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

അഗ്നിശമന സേനാംഗങ്ങൾ മൂന്ന് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രോഹിണിയിലെ ചേരിയിൽ കുടിലുകൾക്ക് തീപിടിച്ച് മൂന്ന് മരണം. ഒരു കുടുബത്തിലെ കുട്ടിയടക്കം മൂന്ന് പേരാണ് മരിച്ചത്. പുലർച്ചെ 1.30ഓടെയാണ് തീപിടിത്തം ഉണ്ടായത്. ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. അഗ്നിശമന സേനാംഗങ്ങൾ മൂന്ന് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് പുലർച്ചെ 4.35 ഓടെ തീ നിയന്ത്രണവിധേയമാക്കിയത്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ വൻതോതിൽ അടിഞ്ഞു കൂടിയതിനാൽ തീ വളരെ വേഗത്തിൽ പടർന്ന് പിടിച്ചിരുന്നു. അതുകൊണ്ട് തന്നെ താമസക്കാർക്ക് പെട്ടെന്ന് രക്ഷപ്പെടാൻ സാധിച്ചില്ല. കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. മുഹമ്മദ് മുസിബുർ (27), ഭാര്യ മുനാര (24), മകൾ മഹി മോന (3) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവത്തിൽ ഏകദേശം 10ഓളം കുടിലുകൾ കത്തി നശിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. തീപിടിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സാന്നിധ്യം തീയുടെ വ്യാപനം ഗണ്യമായി വർധിപ്പിച്ചതായും, ജനവാസ കേന്ദ്രത്തിലുടനീളം വേഗത്തിൽ തീ പടരാൻ കാരണമായതായും ഉദ്യോഗസ്ഥർ അറിയിച്ചു.

SCROLL FOR NEXT