ന്യൂഡല്‍ഹി: ഉന്നാവോ കൂട്ടബലാത്സംഗ കേസ് പ്രതിയായ മുന്‍ ബിജെപി എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. പ്രതിയായ കുല്‍ദീപ് സിംഗ് സെംഗാറിനാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ജസ്റ്റിസുമാരായ സുബ്രഹ്‌മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി താമസിക്കുന്നതിന് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുത്. ജാമ്യം അനുവദിച്ച കാലയളവില്‍ ഡല്‍ഹിയില്‍ തന്നെ തുടരണം. എല്ലാ ദിവസവും രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തി റിപ്പോര്‍ട്ട് ചെയ്യണം എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ജാമ്യം. ഇതില്‍ ഏതെങ്കിലും ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം നിഷേധിക്കുന്നതിലേക്ക് നയിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
2017 ജൂണ്‍ 11 നും 20നും ഇടയില്‍ ഉന്നാവോയില്‍ നിന്നുള്ള 17 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസിന് വിചാരണ കോടതി ജീവപര്യന്തം ശിക്ഷയും 25 ലക്ഷം രൂപ പിഴയുമാണ് സെംഗാറിന് വിധിച്ചത്. ക്രൂരമായി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ അതിന് ശേഷം 60,000 രൂപയ്ക്ക് മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെ പാഖി പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
സെംഗാറിന്റെ നിര്‍ദേശ പ്രകാരം പൊലീസ് ഉദ്യോഗസ്ഥരടക്കം ഉന്നാവോ കേസ് അതിജീവിതയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറയുന്നതിനെതിരെയായിരുന്നു ഭീഷണി.
എന്നാല്‍ സെംഗാറിനെതിരെ പോക്‌സോ, കടത്തിക്കൊണ്ടുപോകല്‍, കുറ്റകൃത്യ ഭീഷണി എന്നിങ്ങനെ കുറ്റങ്ങള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ ഇട്ടു. തുടര്‍ന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
2019 ഓഗസ്റ്റില്‍ സുപ്രീം കോടതി ഉന്നാവോ കേസിലെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റാനും 45 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തികരിക്കാനും നിര്‍ദേശിച്ചു. തുടര്‍ന്ന് 2019 ഡിസംബറില്‍ സെംഗാറിനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിചാരണ കോടതി വിധിക്കുകയായിരുന്നു. വിചാരണ കോടതിയുടെ ഉത്തരവിനെതിരെയാണ് പ്രതി ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.