ഡൽഹി: രാജ്യതലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ ഐഇഡി ഉപയോഗിച്ച് ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇൻ്റലിജൻസ് മുന്നറിയിപ്പ്. ഇതേ തുടർന്ന് ഡൽഹിയിലും തിരക്കുള്ള പ്രദേശങ്ങളിലും പൊലീസ് ജാഗ്രത നിർദേശം നൽകി. ഡൽഹി ബിജെപി സംസ്ഥാന ഓഫീസിനും ബിജെപി ദേശീയ ആസ്ഥാനത്തിനും പുറത്ത് സുരക്ഷ കർശനമാക്കി. ഇവിടെ പൊലീസ് ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുകയും, ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു.
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന പാക് ഭീകരൻ ഷഹ്സാദ് ഭട്ടിയുമായി ബന്ധപ്പെട്ടവരെ കഴിഞ്ഞദിവസം ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ആക്രമണ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
തലസ്ഥാനത്തെ ഒരു പ്രമുഖ ക്ഷേത്രം ഉൾപ്പെടെ ചില ഉന്നത സ്ഥലങ്ങളെ ലക്ഷ്യം വച്ചിട്ടുണ്ടെന്നാണ് വിവരം. ഡൽഹി-സോണിപത് ഹൈവേയിലെ ജനപ്രിയ ധാബയിൽ ഗ്രനേഡ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും വിവരമുണ്ട്.
കഴിഞ്ഞ വർഷം, ചെങ്കോട്ടയിൽ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത മാരകമായ കാർ സ്‌ഫോടനത്തെ തുടർന്ന്, ജെയ്‌ഷെ-ഇ-മുഹമ്മദുമായി ബന്ധമുള്ള വൈറ്റ് കോളർ ഭീകര മൊഡ്യൂളിലെ ചിലരെ പൊലീസ് പിടികൂടിയിരുന്നു.