ഡൽഹി: ഇന്ത്യ സഖ്യത്തിന്റെ ഗ്യാനേഷ് വിരുദ്ധ മിന്നൽസമരത്തിൽ പ്രക്ഷുബ്ധമായി രാജ്യതലസ്ഥാനം രാഹുലും പ്രിയങ്കയും നയിച്ച പ്രക്ഷോഭം ജന്തർമന്തറിനെയും പരിസരപ്രദേശങ്ങളെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി. അത്യന്തം നാടകീയ രംഗങ്ങൾക്ക് ഒടുവിൽ ആണ് രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയെയും പൊലീസിന് അറസ്റ്റ് ചെയ്ത് നീക്കാനായത്.
നെഞ്ചിൽ ഭരണഘടനയുമായി നടുറോഡിൽ കിടന്ന പ്രിയങ്കയെ ബലം പ്രയോഗിച്ച് ആണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ബസിനുള്ളിലേക്ക് കയറ്റാനുള്ള ശ്രമത്തെയും ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രിയങ്ക ഏറെസമയം പ്രതിരോധിച്ചു. ജന്തർമന്തറിലേക്കുള്ള മുഴുവൻ റോഡുകളും അടച്ചും കേന്ദ്രസേനയെ അടക്കം അണിനിരത്തി വൻ സേനാ വിന്യാസം തീർത്താണ് പ്രതിപക്ഷ സമരത്തെ ഇന്ത്യ സർക്കാർ പ്രതിരോധിച്ചത്.
ബസിൽ ജന്തർമന്തർ ലക്ഷ്യമിട്ട് നീങ്ങിയ എംപിമാരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു എം.പിമാർ ജന്തമന്തർ മന്തർ ലക്ഷ്യമിട്ട് നീങ്ങിയത്. പ്രവർത്തകരുടെ വൻ നിരയും എംപിമാരുടെ ബസിന് മുന്നിലും പിന്നിലുമായി അണിനിരന്നു. ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമം ആണ് നടക്കുന്നതെന്നും എഫ്ഐആറുകളെ ഭയപ്പെടില്ലെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.