NATIONAL

3,000 പൊലീസുകാർ, 150ലേറെ എഐ ക്യാമറകൾ; രാംലീലയിൽ വൻ സുരക്ഷാവലയം തീ‍ർക്കാൻ ഡൽഹി പൊലീസ്

റാലിയിൽ പത്ത് ലക്ഷം പേരുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നാസിർ ഹുസൈൻ എംപി

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ​ഗ്യാനേഷ് കുമാർ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് നവംബർ 1ന് രാജ്യതലസ്ഥാനത്തെ രാംലീല മൈതാനിയിൽ നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ റാലിയെ പ്രതിരോധിക്കാൻ കടുത്ത നിയന്ത്രണങ്ങളൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഡൽഹി പൊലീസും. പ്രതിപക്ഷ റാലിയിൽ പങ്കെടുക്കുന്നവർ ജന്തർ മന്തറിലേക്ക് കടക്കാതിരിക്കാനാണ് പ്രധാനമായും പോലീസ് ശ്രദ്ധിക്കുന്നത്.

ഡൽഹിയിൽ 3,000-ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും അർധസൈനിക വിഭാഗങ്ങളെയും സുരക്ഷാ ചുമതലകൾക്കായി വിന്യസിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. പ്രതിഷേധക്കാരെ നിരീക്ഷിക്കാൻ 150-ലേറെ ഹൈ ഡെഫിനിഷൻ എഐ അധിഷ്ഠിത സിസിടിവി ക്യാമറകളും താത്ക്കാലിക കൺട്രോൾ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. റാലിയോടനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും ജനത്തിരക്ക് നിയന്ത്രിക്കാനുമുള്ള നടപടികളാണെന്ന് സേനയുടെ വിശദീകരണം. പ്രതിഷേധത്തിനിടെ അടിയന്തര സാഹചര്യമുണ്ടായാൽ രാഹുൽ ​ഗാന്ധിയുൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കളെ മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതികളും പൊലീസ് തയ്യാറാക്കുന്നുണ്ടെന്നാണ് വിവരം. ​

രാംലീല മൈതാനത്ത് ഞായാറാഴ്ച പ്രഖ്യാപിച്ച റാലി വൻ വിജയമാക്കി മാറ്റാനാണ് കോൺ​ഗ്രസിന്റെ തീരുമാനം. ഇന്ത്യാ സഖ്യത്തിന്റെ ശക്തിപ്രകടനമായി റാലിയെ മാറ്റാനാണ് നേതാക്കൾ ലക്ഷ്യമിടുന്നത്. റാലിയിൽ പത്ത് ലക്ഷം പേരുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കോൺ​ഗ്രസ് രാജ്യസഭാ എംപി നാസിർ ഹുസൈൻ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിനൊപ്പം സമാജ്‌വാദി പാർട്ടി, ഇടതുപക്ഷ പാർട്ടികൾ തുടങ്ങിയ ഇന്ത്യാ സഖ്യത്തിലെ എല്ലാ കക്ഷികളും റാലിയിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഉത്സവ സീസണിൽ റാലി നടത്തുന്നത് കച്ചവടത്തെ ബാധിക്കുമെന്ന് ഡൽഹിയിലെ പ്രാദേശിക വ്യാപാരികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ ഡൽഹിയിലെത്തുമ്പോൾ അവർ മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമെന്നും, ഇത് പ്രദേശങ്ങളിലെ കച്ചവടം വർദ്ധിപ്പിക്കുമെന്നും നാസിർ ഹുസൈൻ മറുപടി പറഞ്ഞു.

SCROLL FOR NEXT