Source: Social Media
NATIONAL

നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം പ്രചരിപ്പിച്ചതിൽ കേസെടുത്ത് ഡൽഹി പൊലീസ്

പുസ്തകത്തിൻ്റെ പ്രസിദ്ധീകരണത്തിന് ആവശ്യമായ അനുമതി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൻ്റെ പ്രചരണത്തിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന ആത്മകഥയുടെ പ്രീ പ്രിൻ്റ് കോപ്പി പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ പുസ്തകത്തിൻ്റെ പ്രസിദ്ധീകരണത്തിന് ആവശ്യമായ അനുമതി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. കൂടാതെ, ചില ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലും ഇത് പ്രചരിക്കുന്നുണ്ട്. പ്രസിദ്ധീകരണാനുമതി ലഭിക്കാത്ത പുസ്തകത്തിൻ്റെ ചോർച്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനായി, സ്പെഷ്യൽ സെല്ലിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുസ്തകം ചോർന്നത് എവിടെ നിന്നാണെന്നും പ്രചരിപ്പിച്ചത് ആരാണെന്നും കണ്ടെത്തുവാനാണ് അന്വേഷണം.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെൻ്റിൽ പുസ്തകത്തിന്റെ ഒരു പകർപ്പ് പ്രദർശിപ്പിക്കുകയും പുസ്തകത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിക്കുകയും ചെയ്തത് വൻ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭയുടെ നടപടികൾ തടസപ്പെടുകയും എട്ട് എംപിമാരെ ബജറ്റ് സമ്മേളനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പുസ്തകം പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് കേസെടുത്തിരിക്കുന്നത്.

SCROLL FOR NEXT