ഡൽഹി: കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് രാജ്യ തലസ്ഥാനത്ത് ത്രിവർണ തരംഗം ആഞ്ഞടിക്കുകയാണ്. ഡൽഹി പൊലീസിൻ്റെ നിരോധനാജ്ഞ ലംഘിച്ച് സിജെപി നടത്തിയ തിരംഗ മാർച്ചിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇടത് സംഘടനകളും എഎപിയും തെരുവിൽ ഇറങ്ങി. ദേശീയപതാക ഏന്തിയ ചെറുസംഘങ്ങൾ പ്രതിഷേധ പ്രവാഹമായി സമരമുഖത്തേക്ക് എത്തിയതോടെ കൂറ്റൻ റാലിയായി മാറി.
പ്രതിഷേധത്തിന് വീട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വീട്ടിൽ നിന്ന് സമരമുഖത്തേക്ക് നീങ്ങിയ ദീപ്കെയെ നാടകീയമായി പൊലീസ് സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മണ്ഡി ഹൗസിലേക്ക് ഐസ നടത്തിയ മിന്നൽ പ്രതിഷേധത്തിനിടെ നേഹ ബോറയെ പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു.
ഇടത് എംപിമാരെ ഉൾപ്പെടെ കസ്റ്റഡിയിലെടുക്കാനും പൊലീസ് ശ്രമം നടത്തി. വനിതാ പ്രവർത്തകരെ ഉൾപ്പെടെ പൊലീസ് പിടികൂടി. ആൾക്കൂട്ടത്തെ പിരിച്ച് വിടാൻ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ചെറു സംഘങ്ങളായി പല ഭാഗത്തും പ്രതിഷേധം തുടരുകയാണ്.കൊണാട്ട് പ്ലേസിൽ കളക്ടീവിൻ്റെ നേതൃത്വത്തിൽ വീണ്ടും പ്രതിഷേധം തുടങ്ങി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
അതിനിടെ പൊലീസ് വിലക്ക് ലംഘിച്ച് സിജെപിയുടെ തിരംഗ മാർച്ചിന് തുടക്കമായി. വിവിധയിടങ്ങളി ദേശീയ പതാകയേന്തി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. സിജെപിക്കൊപ്പം ഐസയും എഎപിയും റാലിയുടെ ഭാഗമായി. പ്രതിഷേധത്തിനിടെ നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകുന്നേരം അഭിജിത് ദീപ്കെയുടെ വീട്ടിൽ ഡൽഹി പൊലീസ് എത്തിയിരുന്നു. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടത്താൻ നിശ്ചയിച്ച ലെഹ്രാ ദോ തിരംഗ പ്രതിഷേധ പരിപാടിയിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാനാണ് പൊലീസ് എത്തിയത്. തൻ്റെ വീടിന് ചുറ്റും രഹസ്യാന്വേഷണ വിഭാഗവും ഡൽഹി പൊലീസും കടുത്ത നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ദീപ്കെ ആരോപിച്ചു. അറസ്റ്റ് വരിക്കാൻ തയ്യാറാണെന്നും ദേശീയ പതാകയുമായി സമാധാനപരമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയാണ് ദീപ്കെ റാലിക്കെത്തിയത്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടും, ദേശീയ പതാക ഉയർത്തിയതിൻ്റെ പേരിൽ പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ജയിലിലടച്ചതിൽ പ്രതിഷേധിച്ചുമാണ് സിജെപിയുടെ തിരംഗ മാർച്ച്. ക്രമസമാധാന പ്രശ്നങ്ങളും വ്യാപാരികളുടെ സുരക്ഷയും മുൻനിർത്തി തിരംഗ യാത്രയ്ക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു.