NATIONAL

ഡൽഹിയിൽ പ്രൊഫസറെ കൊലപ്പെടുത്താൻ പ്രതികൾ സഞ്ചരിച്ചത് 1400 കിലോമീറ്റർ; ഒടുവിൽ പിടിയിൽ

അനന്തരാവകാശമായി ലഭിച്ച കോടിക്കണക്കിന് സ്വത്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ശിവാജി കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസർ ദേബോസ്മിത പോളിൻ്റെ കൊലപാതകക്കേസിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. ബർധമാൻ സ്വദേശികളായ രാംപ്രസാദ് ദാസ്, ബാൻശ്രീ ദാസ് എന്നിവരെ പൊലീസ് പിടികൂടിയതിന് പിന്നാലെയാണ് വിവരങ്ങൾ പുറത്തുവിട്ടത്. പ്രതികൾ ബാംഗളിൽ നിന്നും 1400 കിലോമീറ്റർ സഞ്ചരിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

ഈ മാസം 3നാണ് ദേബോസ്മിത പോളിനെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദേബോസ്മിത പോളിനെ കാണാൻ എന്ന വ്യാജേനയാണ് പ്രതികൾ ഡൽഹിയിലെത്തിയത്. വിവാഹം കഴിഞ്ഞ് ഭർത്താവുമായി വേർപിരിഞ്ഞ ദേബോസ്മിത പോൾ എൻക്ലേവിലുള്ള സത്യം അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.

മുഖംമൂടി ധരിച്ചെത്തിയ പ്രതികളുടെ കൂടെ അവരുടെ പ്രായപൂർത്തിയാകാത്ത മകനും ഉണ്ടായിരുന്നു. സംശയം തോന്നാതിരിക്കാൻ ആയിരിക്കും പ്രതികൾ ഇങ്ങനെ ചെയ്തിട്ടുണ്ടാകുക എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. വീട്ടിൽ തികച്ചും സൗഹൃദപരമായി കയറിയ പ്രതികൾ ആയുധം ഉപയോഗിച്ച് ദേബോസ്മിത പോളിനെ കൊലപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ബംഗാളിലെ മുത്തച്ഛനിൽ നിന്നും ദേബോസ്മിത പോളിന് അനന്തരാവകാശമായി ലഭിച്ച കോടിക്കണക്കിന് സ്വത്താണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതികൾ ഇവിടെ വാടകയ്ക്ക് താമസിച്ചവരായിരുന്നു. ഈ സ്വത്ത് കൈവശപ്പെടുത്താനാണ് പ്രതികൾ ഈ കുറ്റകൃത്യം ചെയ്തെന്ന് പൊലീസ് അറിയിച്ചു.

ദേബോസ്മിതയുടെ സഹോദരിയായ ദേവരതി പോൾ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പറ്റാത്തതിനെ തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി വാതിൽ തകർത്ത് അകത്ത് കടപ്പോഴാണ് ദേബോസ്മിത പോളിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന സ്വർണമോ പണമോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ഇതൊരു മോഷണശ്രമമല്ലെന്ന് പൊലീസ് ആദ്യം തന്നെ ഉറപ്പിച്ചിരുന്നു. തുടർന്നാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്.

SCROLL FOR NEXT