ചൈതന്യാനന്ദ സരസ്വതി Source: X/ Piyush Rai
NATIONAL

നിരവധി സ്ത്രീകളുമായി ചാറ്റ്, പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട്; വസന്ത്കുഞ്ച് പീഡന കേസില്‍ ചൈതന്യാനന്ദയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍

ഡല്‍ഹി വസന്ത് കുഞ്ചിലെ ശാരദ പീഠം സന്യാസി ചൈതന്യാനന്ദ സരസ്വതി, വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ വലയിലാക്കിയിരുന്നെന്ന് പൊലീസ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: വസന്ത്കുഞ്ച് പീഡന കേസില്‍ പ്രതിയായ ചൈതന്യാനന്ദ സരസ്വതിക്കെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തി പൊലീസ്. ചൈതന്യാനന്ദയുടെ ഫോണില്‍ നിന്നും നിരവധി സ്ത്രീകളുമായി നടത്തിയ ചാറ്റിന്റെ വിവരങ്ങള്‍ പൊലീസ് കണ്ടെടുത്തു. ചൈതന്യാനന്ദ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം.

ഡല്‍ഹി വസന്ത് കുഞ്ചിലെ ശാരദ പീഠം സന്യാസി ചൈതന്യാനന്ദ സരസ്വതി, വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ വലയിലാക്കിയിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരവധി വനിതാ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെടുത്തു. മറ്റ് സ്ത്രീകളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ചൈതന്യാനന്ദ ഫോണില്‍ സൂക്ഷിച്ചിരുന്നു.

ചൈതന്യാനന്ദ പതിറ്റാണ്ടുകളായി പലയിടങ്ങളിലായി പല പേരുകള്‍ ഉപയോഗിച്ച് താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. രണ്ട് വ്യത്യസ്ത പേരും മേല്‍വിലാസമുള്ള പാസ്‌പോര്‍ട്ടുകള്‍. ജന്മസ്ഥലം സംബന്ധിച്ച് വൈരുധ്യങ്ങള്‍. ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥിരം അംബാസിഡര്‍, ബ്രിക്‌സ് ജോയിന്റ് കമ്മീഷന്‍ അംഗം, ഇന്ത്യയുടെ പ്രതിനിധി എന്നിങ്ങനെ വിശേഷണങ്ങളുള്ള വിസിറ്റിങ്ങ് കാര്‍ഡുകള്‍ തുടങ്ങി അടി മുടി തട്ടിപ്പ് നടത്തിയാണ് സന്യാസിയുടെ ജീവിതമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാനായി പൊലീസ് ലഭ്യമായ രേഖകള്‍ പരിശോധിച്ച് വരികയാണ്. ചൈതന്യാനന്ദയുടെ കൂട്ടാളികളായ രണ്ട് സ്ത്രീകളെയുെം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണവുമായി ഇയാള്‍ സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലില്‍ തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് പറയുന്നതെന്നും പൊലീസ് പറയുന്നു.

ലൈംഗിക പീഡന പരാതികള്‍ക്ക് പിന്നാലെ ഒളിവില്‍ പോയ ചൈതന്യാനന്ദയെ ശനിയാഴ്ച രാത്രി ആഗ്രയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. 17 വിദ്യാര്‍ത്ഥിനികള്‍ ഇയാള്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

SCROLL FOR NEXT