ഡൽഹി: നിരോധനാജ്ഞ മറികടന്ന്, ഡൽഹിയിൽ സിജെപിയുടെ ജനതാ പാർട്ടിയുടെ തിരംഗ മാർച്ച്. ചെറുസംഘങ്ങളായി തുടങ്ങിയ മാർച്ച് വൻ പ്രതിഷേധ റാലിയായി മാറി. അനിയന്ത്രിതമായ ജനപങ്കാളിത്തം ഉണ്ടായതോടെ സമരമുഖത്ത് നിന്ന് ആളുകളെ പിരിച്ചുവിടാൻ പൊലീസ് ഏറെ ബുദ്ധിമുട്ടി. പൊലീസിന്റെ ബലപ്രയോഗം സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധത്തിനായി വീട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ, സിജെപി കൺവീനർ അഭിജിത് ദീപ്കെയെ വളഞ്ഞ്, പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ഡി ഹൗസിലേക്ക് മിന്നൽ സമരം നടത്തിയ ഐസ നേതാവ് നേഹ ബോറയെ പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു.
ഇടത് എംപിമാരെ ഉൾപ്പെടെ കസ്റ്റഡിയിലെടുക്കാനും പൊലീസ് ശ്രമം നടത്തി. വനിതാ പ്രവർത്തകരെ ഉൾപ്പെടെ പൊലീസ് പിടികൂടി. ആൾക്കൂട്ടത്തെ പിരിച്ച് വിടാൻ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ചെറു സംഘങ്ങളായി പല ഭാഗത്തും പ്രതിഷേധം തുടരുകയാണ്. കൊണാട്ട് പ്ലേസിൽ കളക്ടീവിൻ്റെ നേതൃത്വത്തിൽ വീണ്ടും പ്രതിഷേധം തുടങ്ങി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
ഇന്ന് വൈകുന്നേരം അഭിജിത് ദീപ്കെയുടെ വീട്ടിൽ ഡൽഹി പൊലീസ് എത്തിയിരുന്നു. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടത്താൻ നിശ്ചയിച്ച ലെഹ്രാ ദോ തിരംഗ പ്രതിഷേധ പരിപാടിയിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാനാണ് പൊലീസ് എത്തിയത്. തൻ്റെ വീടിന് ചുറ്റും രഹസ്യാന്വേഷണ വിഭാഗവും ഡൽഹി പൊലീസും കടുത്ത നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ദീപ്കെ ആരോപിച്ചു. അറസ്റ്റ് വരിക്കാൻ തയ്യാറാണെന്നും ദേശീയ പതാകയുമായി സമാധാനപരമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയാണ് ദീപ്കെ റാലിക്കെത്തിയത്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടും, ദേശീയ പതാക ഉയർത്തിയതിൻ്റെ പേരിൽ പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ജയിലിലടച്ചതിൽ പ്രതിഷേധിച്ചുമായിരുന്നു സിജെപിയുടെ തിരംഗ മാർച്ച്. ക്രമസമാധാന പ്രശ്നങ്ങളും വ്യാപാരികളുടെ സുരക്ഷയും മുൻനിർത്തി തിരംഗ യാത്രയ്ക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു.