ആത്മഹത്യാ കുറിപ്പ് 
NATIONAL

"എന്റെ മരണത്തിന് കാരണം ഈ രണ്ടുപേര്‍''; ഡല്‍ഹിയില്‍ ഡെന്റല്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

അവരും അതേ സമ്മര്‍ദ്ദം അനുഭവിക്കണം. തനിക്ക് ഇങ്ങനെ ജീവിക്കാനാവില്ലെന്നും കുറിപ്പില്‍ പറയുന്നു

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: നോയിഡയില്‍ ഡെന്റല്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശാരദ സര്‍വകലാശാലയിലെ ബിഡിഎസ് വിദ്യാര്‍ഥിനിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും വിദ്യാര്‍ത്ഥിനിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗുരുഗ്രാം സ്വദേശിയായ ജ്യോതി ശര്‍മയെന്ന വിദ്യാര്‍ഥിയാണ് മരിച്ചത്.

ആത്മഹത്യാ കുറിപ്പില്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരായ രണ്ടുപേരുടെ പേരുകളും പരാമർശിച്ചിട്ടുണ്ട്. കത്തില്‍ പ്രതിപാദിക്കുന്നവരെ കസ്റ്റഡിയിലെടുത്തതായി നോയിഡ എഡിസിപി സുധീര്‍ കുമാര്‍ അറിയിച്ചു. തന്റെ മരണത്തിന് കാരണം ഇവര്‍ രണ്ടു പേരുമാണെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. അവര്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും പരിഹസിച്ചെന്നും കത്തില്‍ പറയുന്നു.

'അവര്‍ എന്നെ മാനസികമായി പീഡിപ്പിച്ചു, കളിയാക്കി. കുറേ നാളുകളായി ഇക്കാരണങ്ങളാല്‍ ഞാന്‍ സമ്മര്‍ദം അനുഭവിച്ച് വരികയായിരുന്നു. അവരും അതേ സമ്മര്‍ദ്ദം അനുഭവിക്കണം. സോറി, എനിക്ക് ഇങ്ങനെ ജീവിക്കാനാവില്ല,' കുറിപ്പില്‍ പറയുന്നു.

സംഭവത്തില്‍ ഫോറന്‍സിക് സംഘം അടക്കമെത്തി പരിശോധന നടത്തി. ഒഡീഷയില്‍ അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പ്രധാന അധ്യാപികയുടെ മുറിക്ക് മുന്നില്‍ വെച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും ആത്മഹത്യ ചെയ്‌തെന്ന തരത്തിലുള്ള വാര്‍ത്ത വരുന്നത്.

സംഭവത്തില്‍ യൂണിവേഴ്‌സിറ്റിക്കും അഡ്മിനിസ്‌ട്രേഷനുമെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടു പോയി.

SCROLL FOR NEXT