NATIONAL

ധര്‍മസ്ഥലയില്‍ താല്‍ക്കാലികമായി തെരച്ചില്‍ അവസാനിപ്പിക്കുന്നു; കര്‍ണാടക ആഭ്യന്തരമന്ത്രി നിയമസഭയില്‍

ഇനി ഫോറന്‍സിക് ഫലം വന്നതിന് ശേഷമായിരിക്കും തുടര്‍ പരിശോധനയില്‍ തീരുമാനമെടുക്കുക.

Author : ന്യൂസ് ഡെസ്ക്

ധര്‍മസ്ഥലയില്‍ തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര. കര്‍ണാടക നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ധര്‍മസ്ഥലയില്‍ നിരവധി ശവശരീരങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ മൊഴി അടിസ്ഥാനപ്പെടുത്തി വിശദമായ തെരച്ചില്‍ നടത്തിയിട്ടും ഒന്നും കണ്ടു കിട്ടാത്തതിനെ തുടര്‍ന്നാണ് തെരച്ചില്‍ അവസാനിപ്പിക്കുന്നത്. ഇനി ഫോറന്‍സിക് ഫലം വന്നതിന് ശേഷമായിരിക്കും തുടര്‍ പരിശോധനയില്‍ തീരുമാനമെടുക്കുക.

'രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് പ്രത്യേക അന്വേഷണ വിഭാഗത്തിന് അസ്ഥി കഷണങ്ങള്‍ ലഭിച്ചത്. ഇത് ഒര് സ്ഥലത്ത് നിന്ന് അസ്ഥിക്കൂടവും മറ്റൊരു സ്ഥലത്ത് നിന്ന് അസ്ഥി കഷണങ്ങളും ലഭിച്ചു. ഇവ ഫോറന്‍സിക് ലാബിലേക്ക് കൊണ്ടു പോയിട്ടുണ്ട്. റിപ്പോര്‍ട്ട് വരുന്നത് വരെ മണ്ണ് കുഴിച്ചുള്ള പരിശോധന നിര്‍ത്തിവെക്കുകയാണ്,' പരമേശ്വര പറഞ്ഞു.

എല്ലുകള്‍ക്ക് പുറമെ മണ്ണിന്റെ സാമ്പിളുകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ചുവന്ന കല്ലുകളുടെ സാന്നിധ്യം എളുപ്പത്തില്‍ എല്ലുകള്‍ ദ്രവിക്കുന്നതിന് കാരണമായിട്ടുണ്ടാകാം എന്നും അദ്ദേഹം പറയുന്നു.

അതേസമയം പരാതിക്കാരനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും നിലവില്‍ അത് സാധ്യമല്ലെന്നാണും മന്ത്രി വ്യക്തമാക്കി. 'എന്തുകൊണ്ടാണ് പരാതിക്കാരനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് എന്ന് സുനില്‍ കുമാര്‍ ചോദിച്ചു. കേന്ദ്രത്തിന്റെ ദൃക്‌സാക്ഷി സംരക്ഷണ നിയമ പ്രകാരം, പരാതിക്കാരന്‍ ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ച് തനിക്കും കുടുംബത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് എന്നും മന്ത്രി വ്യക്തമാക്കി.

സാക്ഷി കാണിച്ചു നല്‍കിയ 13 സ്‌പോട്ടുകളിലും മറ്റ് സ്ഥലങ്ങളിലും മണ്ണ്‌നീക്കം ചെയ്തുള്ള പരിശോധന പൂര്‍ത്തിയാക്കി. എന്നാല്‍ രണ്ട് സ്‌പോട്ടുകളില്‍ നിന്ന് മാത്രമാണ് അസ്ഥികള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ സാക്ഷിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായി. ഇതിനു പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തല്‍. മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം താന്‍ മറവ് ചെയ്തിട്ടുണ്ട്. ഈ സ്‌പോട്ട് പ്രത്യേക അന്വേഷണസംഘത്തിന് കാട്ടിക്കൊടുത്തു. എന്നാല്‍ ഇവിടെ പാറകൊണ്ട് നിറഞ്ഞിരിക്കുകയാണ്. മണ്ണിട്ട് നിലം ഉയര്‍ത്തിയതിനാല്‍ അസ്ഥികള്‍ ലഭിച്ചില്ലെന്നുമായിരുന്നു മുന്‍ ശുചീകരണ തൊഴിലാളി പറഞ്ഞത്.

ഭൂപ്രകൃതിയിലുണ്ടായ വലിയ മാറ്റം തെരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്. നായയെ കുഴിച്ചിട്ടുന്നതിന് സമാനമായാണ് ധര്‍മ്മസ്ഥലയില്‍ മനുഷ്യരെ കുഴിച്ചിടുന്നത്. ഒരു കുഴിയെടുക്കാന്‍ സാധിക്കുന്ന എവിടെയും മൃതദേഹങ്ങള്‍ മറവ് ചെയ്യുമായിരുന്നു. താന്‍ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞാണ് മടങ്ങിവന്ന് അന്വേഷണം ആവശ്യപ്പെട്ടത്. തന്റെ ഓര്‍മയില്‍ നിന്നാണ് ഓരോ സ്ഥലവും കാട്ടിക്കൊടുക്കുന്നത്.

വിമര്‍ശകര്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും തന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയുമെന്നും സാക്ഷി പറഞ്ഞിരുന്നു.

SCROLL FOR NEXT