ധർമസ്ഥലയിൽ പുതിയ അസ്ഥി ലഭിച്ചതായി സൂചന Source: News Malayalam 24x7
NATIONAL

ധർമസ്ഥല വെളിപ്പെടുത്തൽ: പതിനൊന്നാം പോയിൻ്റിൽ കൂടുതൽ അസ്ഥിഭാഗങ്ങൾ ലഭിച്ചതായി സൂചന

പതിനൊന്നാം പോയിൻ്റിൽ നിന്ന് മീറ്ററുകൾ അകലെയായാണ് അസ്ഥി ഭാഗങ്ങൾ കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

ക‍ർണാടക: ധർമസ്ഥലയിൽ പുതിയ പോയിൻ്റിൽ നടത്തിയ പരിശോധനയിൽ അസ്ഥി ലഭിച്ചതായി സൂചന. പതിനൊന്നാം പോയിൻ്റിൽ നിന്ന് മീറ്ററുകൾ അകലെയായാണ് അസ്ഥി ഭാഗങ്ങൾ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾക്കാട്ടിൽ തെരച്ചിൽ തുടരുകയാണ്.

അതേസമയം, ധർമസ്ഥല കേസിലെ മാധ്യമവിലക്കിൽ വിധി പറഞ്ഞ ബെംഗളുരു കോടതി ജഡ്‍ജി ബി. വിജയ് കുമാർ റായ് പിന്മാറി. ഹൈക്കോടതി നിർദേശപ്രകാരം രണ്ടാമതും കേസ് കേൾക്കുന്നതിൽ നിന്നാണ് പിന്മാറിയത്.

ജഡ്ജിയായ ബി. വിജയ് കുമാർ റായ് പഠിച്ചത് മംഗളൂരുവിലെ ധർമസ്ഥല ട്രസ്റ്റിന്‍റെ എസ്‍ഡിഎം ലോ കോളേജിലാണ്. ധർമസ്ഥല ക്ഷേത്ര ട്രസ്റ്റ് നടത്തുന്ന നിയമവിദ്യാഭ്യാസ സ്ഥാപനമാണിത്. ബെംഗളുരു അഡീ. സിറ്റി സിവിൽ സെഷൻസ് കോടതി 10-ലെ ജഡ്ജിയാണ് വിജയ്‌കുമാർ റായ്. 2004ൽ വിജയ് കുമാർ റായ് പി.പി. ഹെഗ്ഡെയെന്ന അഭിഭാഷകന്‍റെ ജൂനിയറായിരുന്നു. ധർമസ്ഥല ട്രസ്റ്റുമായി ബന്ധപ്പെട്ട നിരവധി കേസുകൾ കൈകാര്യം ചെയ്യുന്നത് ഈ അഭിഭാഷകന്‍റെ സ്ഥാപനമാണ്.

ധർമസ്ഥല ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട വാർത്തകൾക്ക് വിലക്കേർപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഹർജി നൽകിയത് ഈ കോടതിയിലാണ്. ഇത് അനുവദിച്ച കോടതി എണ്ണായിരത്തോളം വാർത്താ ലിങ്കുകൾ പിൻവലിക്കാനും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഒരു യൂട്യൂബ് ചാനലിന് അനുകൂല വിധി ലഭിച്ചു. കേസ് വീണ്ടും പരിഗണിക്കാൻ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതി തിരിച്ചയക്കുകയും ചെയ്തു. ഈ കോടതിയിൽ നിന്ന് കേസ് മാറ്റണമെന്ന് അപേക്ഷ നൽകി അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു.

SCROLL FOR NEXT