ധർമസ്ഥലയിൽ കുഴിച്ചുള്ള പരിശോധന നിർത്തിയതിന് പിന്നാലെ സാക്ഷികളുടെ വിശദമായ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണസംഘം. നിലവിലെ സാക്ഷി മൃതദേഹങ്ങൾ കുഴിച്ചിടുന്നത് കണ്ടെന്ന് പറഞ്ഞവരുടെയും, പുതുതായി പരാതി നൽകിയവരുടെയും മൊഴിയാണ് എസ്ഐടി രേഖപ്പെടുത്തുക. ഇതിൻ്റെ അടിസ്ഥാനത്തിലാകും തുടർ പരിശോധനകൾ.
രണ്ടാഴ്ചയിലേറെയായി ധർമസ്ഥല സ്നാനഘട്ടത്തിന് ചുറ്റും വനഭൂമിയിലും സ്വകാര്യഭൂമിയിലും കുഴിച്ച് പരിശോധന നടത്തിയെങ്കിലും സാക്ഷി പറയുന്നത് പ്രകാരമുള്ള അസ്ഥികൾ ഒന്നും ലഭിച്ചിട്ടില്ല. നേരത്തെ മാർക്ക് ചെയ്ത 13 പോയിന്റുകൾക്കപ്പുറം പുതിയ പോയിന്റുകളിലും പ്രത്യേക അന്വേഷണസംഘം കുഴിച്ച് പരിശോധന നടത്തി. എന്നാൽ കാര്യമായി ഒന്നും ലഭിച്ചില്ല. രണ്ടു പോയിന്റുകളിൽ നിന്ന് ലഭിച്ച അസ്ഥികൾക്കാവട്ടെ സാക്ഷി പറഞ്ഞ കാലപ്പഴക്കവുമില്ല. ഇതോടെയാണ് കുഴിച്ചുള്ള പരിശോധന അവസാനിപ്പിച്ചത്.
എന്നാൽ കോടതി നിർദേശപ്രകാരം രൂപീകരിച്ച എസ്‌ഐടി, കേസ് അവസാനിപ്പിച്ചാൽ അത് സർക്കാറിന് വെല്ലുവിളിയാകും. അതിനാൽ സാക്ഷികളുടെ മൊഴി വിശദമായി രേഖപ്പെടുത്തുകയും അത് അവലോകനം ചെയ്തശേഷം തുടർനടപടികൾ സ്വീകരിക്കാനുമാണ് നിലവിലെ തീരുമാനം. ഇതിന്റെ ഭാഗമായി സാക്ഷി മൃതദേഹങ്ങൾ കുഴിച്ചിടുന്നത് കണ്ടു എന്ന് പറഞ്ഞ ആളുകളുടെ മൊഴിയും പുതുതായി പരാതി നൽകിയവരുടെ മൊഴിയും രേഖപ്പെടുത്തും. ആവശ്യമെങ്കിൽ ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
സാക്ഷിയുടെ ആരോപണം ശരിവയ്ക്കുന്ന ഒരു തെളിവും ഇതുവരെ ലഭിക്കാത്തതിനാൽ അന്വേഷണസംഘവും പ്രതിസന്ധിയിലാണ്. കൃത്യമായ തെളിവുകൾ ഇല്ലാതെ ഇനിയും സ്വകാര്യ ഭൂമിയിൽ കുഴിയെടുക്കുക എന്നത് സാധ്യമല്ല. ഇത് നിയമ പ്രശ്നങ്ങൾക്കും വഴി വച്ചേക്കും. അതിനാലാണ് സുരക്ഷിത മാർഗം എന്ന നിലയിൽ ചോദ്യം ചെയ്യിലേക്കു കടക്കുന്നത്. ഇവരുടെ മൊഴിയിൽ അന്വേഷണത്തിന് ഗുണകരമാകുന്ന എന്തെങ്കിലും ലഭിക്കുമെന്നാണ് എസ്‌ഐടി പ്രതീക്ഷിക്കുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കുന്നതിനിടയിൽ നിലവിലെ അസ്ഥികളുടെ ഫോറൻസിക് പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ലഭിക്കുമെന്നും എസ്ഐടി കണക്കുകൂട്ടുന്നു.