ബെംഗളൂരു: റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികളിൽ നിർബന്ധിത മാർക്കിങ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരുവിലെ പ്ലാൻ്റിൽ നിന്ന് ഡിയാജിയോയുടെ 18,000 ബോക്സ് മദ്യക്കുപ്പികൾ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തു. സ്മിർനോഫ് , വിഎടി 69 (VAT 69), ഡിഎസ്പി ബ്ലാക്ക് (DSP Black) തുടങ്ങിയ പ്രമുഖ ബ്രാൻഡുകളാണ് ഇതിൽ ഉൾപ്പെടുന്നത്.
റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികളാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമായെങ്കിലും, ഇത് ഭക്ഷ്യയോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ലോഗോയോ മാർക്കോ കുപ്പികളിൽ ഉണ്ടായിരുന്നില്ല. പൊതുജനാരോഗ്യത്തിൻ്റെ മുൻകരുതലിൻ്റെ ഭാഗമായാണ് 1.6 മില്യൺ ഡോളർ വരുന്ന സ്റ്റോക്ക് പിടിച്ചെടുത്തത്.
അംഗീകൃത കമ്പനിയിൽ നിന്നാണ് കുപ്പികൾ വാങ്ങിയതെന്നും വിതരണക്കാർ വഴി സുരക്ഷാ പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും ഡിയാജിയോ വ്യക്തമാക്കി. ഉൽപ്പന്നങ്ങൾ ഉപഭോഗത്തിന് പൂർണ്ണമായും സുരക്ഷിതമാണെന്ന് കമ്പനി അവകാശപ്പെട്ടു.