ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഡാർക്ക് വെബ് വഴി ലഹരി വാങ്ങിയിരുന്നവർക്ക് എഡിസൺ ഡിസ്കൗണ്ട് നൽകിയിരുന്നു. ആദ്യ ഇടപാടുകാരെ കണ്ടെത്തിയത് ഇങ്ങനെയായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
70 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സി വഴിയാണ് കച്ചവടം നടത്തിയത്.
അന്വേഷണ സംഘം പറയുന്നത് പ്രകാരം എൻസിബി അറസ്റ്റ് ചെയ്ത് എഡിസൺ അപകടകാരിയായ ലഹരി കച്ചവടക്കാരൻ ആണെന്ന നിർണായക കണ്ടെത്തലും നടത്തിയിട്ടുണ്ട്. ഡാർക്ക് വെബ്ബിലെ കച്ചവടത്തിന് നിരവധി അക്കൗണ്ടുകളാണ് ഉപയോഗിച്ചിരുന്നത്. 5 സഹായികളെ പൊലീസ് ചോദ്യം ചെയ്തു. ഇതിനുപിന്നാലെയാണ് കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചത്.
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയ മൂവാറ്റുപുഴ സ്വദേശി എഡിസണാണ് രാജ്യത്തെ 9 സംസ്ഥാനങ്ങളെ നിയന്ത്രിച്ചിരുന്നത്. 14 മാസത്തിനിടെ 600 തവണയിലധികം ലഹരി കാർട്ടൽ രാജ്യത്ത് വൻ തോതിൽ ലഹരി എത്തിച്ചു വിതരണം ചെയ്തു.
യുകെ കേന്ദ്രീകരിച്ചുള്ള ഡോക്ടർ സിയൂസ് കാർട്ടലിൻ്റെ ഓൺലൈൻ വിതരണ ശ്രംഖലയാണ് കഴിഞ്ഞ ദിവസം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തകർത്തത്. സംഭവത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഓപ്പറേഷൻ മൈലോൺ എന്ന പേരിലാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ജൂൺ 28 മുതൽ ദൗത്യം ആരംഭിച്ചത്.
കഴിഞ്ഞ ദിവസമാണ് എന്‍സിബി കൊച്ചി യൂണിറ്റ് മൂവാറ്റുപുഴ സ്വദേശി എഡിസണെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 847 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും പിടികൂടി. ഒപ്പം ഡാര്‍ക്ക് നെറ്റ് ആക്സസ് ചെയ്യാനുള്ള വിവരങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ്, ക്രിപ്‌റ്റോ കറന്‍സി വാലറ്റുകള്‍, ഹാര്‍ഡ് ഡിസ്ക് എന്നിവയും കണ്ടെത്തിയിരുന്നു.
ബെംഗളൂരു, ചെന്നൈ, ഭോപ്പാല്‍, പട്ന, ഡല്‍ഹി, കൂടാതെ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് എഡിസണ്‍ ലഹരി അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എന്‍സിബി അറിയിച്ചു.