മേക്കേദാട്ടു അണക്കെട്ട് നിർമിക്കുന്നത് ആർക്കും തടയാനാകില്ലെന്ന പ്രസ്താവനയിൽ ഉറച്ച് ഡി.കെ. ശിവകുമാർ  
NATIONAL

"എൻ്റെ സംസ്ഥാനമാണ്, എൻ്റെ അവകാശമാണ് “; മേക്കേദാട്ടു അണക്കെട്ട് നിർമിക്കുന്നത് ആർക്കും തടയാനാകില്ലെന്ന പ്രസ്താവനയിൽ ഉറച്ച് ഡി.കെ. ശിവകുമാർ

തമിഴ്നാട് പിസിസി അധ്യക്ഷൻ മാണിക്കം ടാഗോറിൻ്റെ വിമർശനത്തിനാണ് ഡി.കെ. ശിവകുമാറിൻ്റെ മറുപടി.

Author : ന്യൂസ് ഡെസ്ക്

ബെംഗളുരു: മേക്കേദാട്ടു അണക്കെട്ട് നിർമിക്കുന്നത് ആർക്കും തടയാനാകില്ലെന്ന നിലപാടിൽ ഉറച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പദ്ധതിയുമായി മുന്നോട്ട് പോകേണ്ടത് കർണാടകയുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പൊതുവേദിയിലാണ് അണക്കെട്ട് നിർമാണം ആർക്കും തടയാനാകില്ലെന്ന് ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചത്.

പദ്ധതിക്ക് ആവശ്യമായ വനം-പരിസ്ഥിതി അനുമതികൾ വേഗത്തിൽ നൽകണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു. ശിവകുമാറിൻ്റെ പ്രസ്താവന സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് പിസിസി അധ്യക്ഷൻ മാണിക്കം ടാഗോർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് എൻ്റെ സംസ്ഥാനമാണ്, എൻ്റെ അവകാശമാണ് എന്നായിരുന്നു ശിവകുമാറിൻ്റെ മറുപടി.

സുപ്രീംകോടതി നിർദേശപ്രകാരം തമിഴ്‌നാടിന് അവകാശപ്പെട്ട 177 ടിഎംസി വെള്ളം നൽകാൻ കർണാടക ബാധ്യസ്ഥമാണെന്നും ശിവകുമാർ ആവർത്തിച്ചു. അണക്കെട്ട് നിർമാണം തമിഴ്‌നാടിന് ലഭിക്കേണ്ട വെള്ളത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി പ്രദേശം നേരിട്ട് സന്ദർശിക്കാൻ തമിഴ്‌നാട്ടിൽ നിന്നുള്ള പ്രതിനിധി സംഘത്തെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.

അണക്കെട്ട് തമിഴ്‌നാടിനും ഗുണകരമാകുന്നത് എങ്ങനെയെന്ന് നേരിട്ട് വിശദീകരിച്ചു നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കേദാട്ടു ബാലൻസിങ് റിസർവോയർ വഴി ബെംഗളൂരുവിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനും 400 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുമാണ് കർണാടക ലക്ഷ്യമിടുന്നത്. എന്നാൽ താഴ്ന്ന പ്രദേശങ്ങളിലെ സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ കാവേരി നദിയിൽ പുതിയ അണക്കെട്ട് നിർമിക്കുന്നത് ഡെൽറ്റാ മേഖലയിലെ കർഷകരെ ദോഷകരമായി ബാധിക്കുമെന്നാണ് തമിഴ്‌നാട് സർക്കാരിൻ്റെയും രാഷ്ട്രീയ പാർട്ടികളുടെയും നിലപാട്.

SCROLL FOR NEXT