മീററ്റ്: കുട്ടിയുടെ തലയിലെ മുറിവിൽ ഫെവിക്വിക് ഉപയോഗിച്ച് ഡോക്ടറുടെ ചികിത്സ. ഉത്തര്‍പ്രദേശിലെ മീററ്റിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മുറിവിന് തുന്നലിടുന്നതിന് പകരം ഫെവിക്വിക് ഉപയോഗിച്ചുവെന്നാണ് പരാതി. ജഗ്രിതി വിഹാറില്‍ താമസിക്കുന്ന ജസ്പീന്ദര്‍ സിങിന്‍റെ മകനെയാണ് ഡോക്ടര്‍ പശ ഉപയോഗിച്ച് ചികിത്സിച്ചത്.
വീട്ടില്‍ കളിക്കുന്നതിനിടെ മേശയുടെ കോര്‍ണറില്‍ ഇടിച്ചാണ് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റത്. തലയിൽ ചോരവന്നതോടെയാണ് കുട്ടിയെ അമ്മ ഭാഗ്യശ്രീ ആശുപത്രിയിലെത്തിച്ചത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായ ഡോക്ടറാണ് അഞ്ചു രൂപയുടെ ഫെവിക്വിക് ട്യൂബ് വാങ്ങി വരാൻ കുടുംബത്തോട് ആവശ്യപ്പെട്ടത്. ഈ പശ മുറിവില്‍ തേക്കുകയായിരുന്നു. കടുത്ത വേദനയില്‍ കുട്ടി കരയാന്‍ തുടങ്ങിയതോടെ വേദനയില്‍ പരിഭ്രാന്തനായതാണെന്നായിരുന്നു ഡോക്ടറുടെ മറുപടി.
വീട്ടിലെത്തിയിട്ടും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ തൊട്ടടുത്ത ദിവസം ലോക്പ്രിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവില്‍ ഉറച്ച പശയുടെ ഭാഗങ്ങള്‍ മണിക്കൂറുകളെടുത്താണ് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. വൃത്തിയാക്കിയ ശേഷം മുറിവ് തുന്നിച്ചേര്‍ത്തു. സംഭവത്തിൽ കുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി മീററ്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അശോക് കട്ടാരിയ പറഞ്ഞു. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അശോക് കട്ടാരിയ വ്യക്തമാക്കി.