NATIONAL

തൃഷയ്‌ക്കെതിരെ ദ്വയാർഥ പരാമർശം: ഉദയനിധി സ്റ്റാലിൻ പൊലീസ് കസ്റ്റഡിയിൽ

തമിഴക വെട്രി കഴകം (ടിവികെ) വനിതാ വിഭാഗത്തിന്റെ പരാതിയിലാണ് തഞ്ചാവൂർ പൊലീസിന്റെ നടപടി

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ നടത്തിയ ദ്വയാർഥ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ പൊലീസ് കസ്റ്റഡിയിൽ. നീലങ്കരയിലെ വീട്ടിൽ നിന്നാണ് ഡിഎംകെ നേതാവിനെ കസ്റ്റഡിയിലെടുത്തത്. ഉദയനിധിയെ കയറ്റിയ പൊലീസ് വാഹനം തടയാൻ ഡിഎംകെ പ്രവർത്തകർ ശ്രമിച്ചതോടെ അതിനാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

തമിഴക വെട്രി കഴകം (ടിവികെ) വനിതാ വിഭാഗത്തിന്റെ പരാതിയിലാണ് തഞ്ചാവൂർ പൊലീസിന്റെ നടപടി. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഉദയനിധി മദ്രാസ് ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഉച്ചയ്‌ക്ക് 12 മണിക്കാണ് ഹർജി കോടതി പരിഗണിക്കുക. മുൻകൂർ ജാമ്യം ലഭിക്കാത്ത പക്ഷം ഉദയനിധിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.

തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കാവേരി നദീജല പ്രശ്നത്തെക്കുറിച്ചും സംസ്ഥാനത്തെ കർഷകരുടെ വിഷയങ്ങളെക്കുറിച്ചും സംസാരിക്കവെയായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. കാവേരി വിഷയത്തിൽ മുഖ്യമന്ത്രി വിജയ് മൗനം പാലിക്കുന്നുവെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡിഎംകെക്കെതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞപ്പോൾ പ്രവർത്തകർ കൂട്ടത്തോടെ ‘തൃഷ, തൃഷ’ എന്ന് വിളിച്ചു. ഇതിന് പിന്നാലെ പ്രസംഗം നിർത്തി ഡിഎംകെ നേതാവ് നടത്തിയ പരാമർശമാണ് കേസിന് ആധാരം. ഈ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പരാമർശം വിവാദമായതോടെ, ഉദയനിധി സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ, ബിജെപി നേതാക്കൾ രംഗത്തെത്തി. 'അറപ്പുളവാക്കുന്ന പരാമർശം' എന്നായിരുന്നു ടിവികെ എംഎൽഎ പേവന്ത് ചരണിന്റെ പ്രതികരണം. ഉദയനിധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുഖ്യ വക്താവ് നാരായൺ തിരുപ്പതിയും രംഗത്തെത്തിയിട്ടുണ്ട്.

പൊതുവേദിയിൽ പാലിക്കേണ്ട രാഷ്ട്രീയ മര്യാദ കാട്ടിയില്ലെന്നതാണ് ഉദയനിധിക്ക് എതിരെ ഉയരുന്ന പ്രധാന വിമർശനം. പൊതുവേദികളിൽ സ്ത്രീകളെ കരുവാക്കിയുള്ള ഇത്തരം പരാമർശങ്ങളും മുദ്രാവാക്യങ്ങളും രാഷ്ട്രീയ നേതാക്കൾ ഒഴിവാക്കണമെന്ന വിമർശനം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ഉദയനിധിയുടെ പ്രസംഗം പങ്കുവയ്ക്കരുതെന്ന് സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നവരേയും കാണാം.

SCROLL FOR NEXT