ബെംഗളൂരു: കര്‍ണാടകയില്‍ പ്രമുഖ എണ്ണക്കമ്പനികള്‍ വില്‍ക്കുന്ന പെട്രോളില്‍ അനുവദിനീയമായതിലും കൂടുതല്‍ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. സംസ്ഥാന ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യ മന്ത്രി റിസ്വാന് അര്‍ഷാദ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
E20 പെട്രോളില്‍ ഒരു ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡ് സാമ്പിളില്‍ 31.2 ശതമാനം എഥനോളാണ് കണ്ടെത്തിയത്. കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണെന്നും കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്തൊട്ടാകെയുള്ള 63 പെട്രോള്‍ പമ്പുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലവും മന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടു. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പമ്പുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ 31.2 ശതമാനമാണ് എഥനോള്‍ കണ്ടെത്തിയത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം - 30.5 ശതമാനം എഥനോളിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചു.
ഭാരത് പെട്രോളിയം പമ്പിലെ സാമ്പിളുകളില്‍ 26.5 ശതമാനമാണ് എഥനോള്‍ അടങ്ങിയത്. സ്വകാര്യ കമ്പനികളായ നയാര, ഷെല്‍ തുടങ്ങിയവയുടെ പമ്പുകളില്‍ 26.1, 25.5 ശതമാനം എഥനോള്‍ അടങ്ങിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പരിശോധനയില്‍ വ്യക്തമായി. നിശ്ചിത പരിധിയായ 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ കണ്ടെത്തിയ ജില്ലകളില്‍ ബംഗളൂരുവും ഉള്‍പ്പെടുന്നു.
പമ്പുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ആദ്യ ഘട്ടത്തില്‍ ഐഒസിഎല്‍, ബിപിസിഎല്‍ കമ്പനികളുടെ ആഭ്യന്തര ലാബുകളിലാണ് പരിശോധന നടത്തിയത്. എന്നാല്‍, എഥനോളിന്റെ അളവ് കമ്പനികള്‍ കൃത്യമായി രേഖപ്പെടുത്തിയില്ല. ഇതോടെയാണ് പരിശോധനാ ഫലത്തില്‍ സംശയം തോന്നിയതെന്നും മന്ത്രി പറഞ്ഞു.
തുടര്‍ന്ന് സാമ്പിളുകള്‍ നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലാബോറട്ടറീസിന്റെയും (NABL) ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്റെയും (ISO) അംഗീകാരമുള്ള ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഈ റിപ്പോര്‍ട്ടുകളിലാണ് ഉയര്‍ന്ന അളവിലുള്ള എഥനോള്‍ കണ്ടെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് E20-ല്‍ കൂടുതലുള്ള എഥനോള്‍ മിശ്രിതം താങ്ങാന്‍ കഴിയുമോ എന്ന് മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയിലെ 35 കോടിയിലധികം വരുന്ന വാഹനങ്ങളില്‍ 99 ശതമാനവും 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ അടങ്ങിയ മിശ്രിതങ്ങള്‍ ഉപയോഗിക്കുന്നതിനായി നിര്‍മ്മിച്ചവ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഥനോള്‍ മിശ്രണവുമായി ബന്ധപ്പെട്ട് സുതാര്യത ഉറപ്പാക്കണമെന്നും വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.