Image: ANI
NATIONAL

"കുതിരക്കച്ചവടം തടയാന്‍ തിരക്കിട്ട നീക്കം"; ഹോട്ടലിലേക്ക് മാറ്റിയ പ്രതിനിധികളുടെ ഡോക്യുമെന്റേഷൻ നടപടികള്‍ വേഗത്തിലാക്കി ഷിന്‍ഡെ

ടേം വ്യവസ്ഥയില്‍ മേയറെ നിര്‍ത്തണമെന്നും ആദ്യത്തെ രണ്ടര വര്‍ഷം ശിവസേനയ്ക്ക് വേണമെന്നുമാണ് ഷിന്‍ഡെ വിഭാഗത്തിന്‍റെ ആവശ്യം

Author : ന്യൂസ് ഡെസ്ക്

മുംബൈ: ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഹോട്ടലിലേക്ക് മാറ്റിയ 29 പ്രതിനിധികളുടെ ഉള്‍പ്പെടെ എല്ലാവരുടെയും ഡോക്യുമെന്റേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഏക്നാഥ് ഷിന്‍ഡെ. ഹോട്ടലിലേക്ക് മാറ്റിയ പ്രതിനിധികളെ പ്രതിപക്ഷം സ്വാധീനിക്കുന്നത് തടയുന്നതിനായാണ് നടപടികള്‍ വേഗത്തിലാക്കാന്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നീക്കമെന്നാണ് വിലയിരുത്തല്‍.

യാമിനി ജാദവ്, തൃഷ്ണ വിശ്വാസ് റാവു, അമേയ് ഘോലെ തുടങ്ങിയ യുവാക്കളുടെ പേരുകള്‍ മേയര്‍ അടക്കമുള്ള ഉന്നത പദവികളിലേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. അതേസമയം മേയര്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചിട്ടില്ല. 89 അംഗങ്ങളുള്ള ബിജെപിക്ക് 29 അംഗങ്ങളുള്ള ഷിന്‍ഡെയുടെ പിന്തുണയില്ലാതെ അധികാരം പിടിക്കാന്‍ കഴിയില്ല. എന്നാല്‍ മേയര്‍ പദവി വിട്ടു തരില്ലെന്ന വാശിയിലാണ് ബിജെപി.

ടേം വ്യവസ്ഥയില്‍ മേയറെ നിര്‍ത്തണമെന്നും ആദ്യത്തെ രണ്ടര വര്‍ഷം ശിവസേനയ്ക്ക് മേയര്‍ സ്ഥാനം നല്‍കണമെന്നുമാണ് ഷിന്‍ഡെ വിഭാഗം ഉന്നയിക്കുന്ന ആവശ്യം.

ബിഎംസി തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന അടക്കമുള്ള എന്‍ഡിഎ തൂത്തുവാരിയിരുന്നു. 227 സീറ്റില്‍ 118 സീറ്റുകളിലാണ് ജയിച്ചത്. 89 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയും ആയി.

മറുവശത്ത്, ശിവസേന ഉദ്ധവ് വിഭാഗവും താജ് താക്കറയുടെ മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേനയും ചേര്‍ന്ന സഖ്യം 72 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസ് 24 സീറ്റുകള്‍ നേടി. ഈ രണ്ട് വിഭാഗവും ഒന്നിച്ചാല്‍ 96 സീറ്റുകളാകും. എട്ട് അംഗങ്ങളെ കൂടെ ചേര്‍ത്താല്‍ ബിഎംസിയുടെ അധികാരം പിടിച്ചെടുക്കാനാകും. ശിവസേന ഷിന്‍ഡെ പക്ഷത്ത് നിന്ന് കൗണ്‍സിലര്‍മാരെ എത്തിച്ചാല്‍ ഭരണം ഉറപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഷിന്‍ഡേ വിഭാഗത്തിന്റെ റിസോര്‍ട്ട് നീക്കം.

SCROLL FOR NEXT