NATIONAL

ദളിത് വിദ്യാര്‍ഥികള്‍ പൊതുവഴിയിലൂടെ സ്‌കൂളില്‍ പോകുന്നത് തടയാന്‍ വടിയെടുത്ത് സ്ത്രീ; തട്ടിമാറ്റി കുട്ടികളെ നയിച്ച് യുവാക്കള്‍, വൈറലായി വീഡിയോ

മധ്യവയസ്‌കയായ സ്ത്രീ വടിയുമായി എത്തുന്നതും യുവാവ് അവരെ തട്ടിമാറ്റി കുട്ടികളോട് സ്‌കൂളിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നതുമാണ് വീഡിയോയില്‍.

Author : ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ കൊല്ലങ്കാരൈ ഗ്രാമത്തില്‍ ദളിത് വിദ്യാര്‍ഥികളെ പൊതു വഴിയിലൂടെ സ്കൂളിലേക്ക് പോകുന്നതിനെതിരെ രംഗത്തെത്തിയ സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മണ്‍പാതയിലൂടെ സ്‌കൂളിലേക്ക് പോകുന്ന കുട്ടികളെ ഒരു യുവാവാണ് നയിക്കുന്നത്. എന്നാല്‍ ഇതിനെതിരെ മധ്യവയസ്‌കയായ സ്ത്രീ വടിയുമായി എത്തുന്നതും യുവാവ് അവരെ തട്ടിമാറ്റി കുട്ടികളോട് സ്‌കൂളിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നതുമാണ് വീഡിയോയില്‍.

സംഭവത്തില്‍ തമിഴ്‌നാട്ടിലെ അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ചെല്ലക്കണ്ണ് അപലപിച്ചു. സ്ത്രീ കുട്ടികളെ 'കീഴ് ജാതി'യില്‍പ്പെട്ടവര്‍ എന്ന് അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.

വണ്ടിപാതൈ എന്ന് വിളിക്കപ്പെടുന്ന പൊതുവഴിയായ മണ്‍പാതയിലൂടെയാണ് കുട്ടികള്‍ നടന്നത്. വഴി അടുത്തിടെ പ്രദേശവാസികള്‍ കയ്യേറി വാഴ നടുകയും കുട്ടികളെ ഒന്നര കിലോമീറ്ററോളം അധികം ചുറ്റി നടത്തിച്ച് സ്‌കൂളിലെത്തിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. പ്രദേശത്തെ യുവാക്കള്‍ ഇടപെടുന്നത് വരെ 18 ദിവസത്തോളം യഥാര്‍ഥ വഴി തടസപ്പെടുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും ചെല്ലക്കണ്ണ് പറഞ്ഞു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

SCROLL FOR NEXT