മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ നിര്‍ണായക യോഗം ചേര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ട് കമ്മീഷണർമാരും ഉന്നയിച്ച വിമർശനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സമവായ തീരുമാനങ്ങളെടുത്തു. എസ്ഐആറിനൊപ്പമുള്ള ഫോം 6ൽ മാറ്റമുണ്ടാകില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കമ്മീഷണർമാർ കത്തയച്ചത് നയപരമായ പ്രശ്നങ്ങളിൽ അല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. അംഗങ്ങൾക്കിടയിൽ ഭിന്നതയില്ലെന്നും തീവ്രവോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഏകകണ്ഠമായിരുന്നുവെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിനെതിരെ രാജ്യമെങ്ങും പ്രതിഷേധം കനക്കുന്നതിനിടെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക യോഗം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനൊപ്പം കമ്മീഷണർമാരായ ഡോ. സുഖ്ബീര്‍ സിങ് സന്ധുവും, ഡോ. വിവേക് ജോഷിയും പങ്കെടുത്തു. സുഖ്ബീര്‍ സിങ് സന്ധുവും, വിവേക് ജോഷിയും ഉന്നയിച്ച പ്രധാന വിയോജിപ്പുകള്‍ യോഗത്തിൽ ചർച്ചയായി. യോഗത്തിനുശേഷം, കമ്മീഷന്‍ വാര്‍ത്താക്കുറിപ്പും പുറത്തിറക്കി. വോട്ടർമാരുടെ രജിസ്‌ട്രേഷനായുള്ള ഫോം 6, സാങ്കേതിക സംവിധാനമായ ഇസിഐ നെറ്റ് എന്നിവയുടെ സുതാര്യത ഉറപ്പാക്കും. എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ പട്ടികയിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാമെന്നും ഇതിനായി പ്രത്യേക ഡ്രൈവുകൾ തുടങ്ങുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എസ്ഐആറിനൊപ്പമുള്ള ഫോം സിക്സിൽ മാറ്റമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഡല്‍ഹിയില്‍ കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് വലിയ പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ, നോട്ടീസ് ലഭിച്ചവർ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ബിഎൽഒമാർ വീട്ടിലെത്തി ഹിയറിങ് നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു. അത്യാവശ്യമെങ്കിൽ ഓൺലൈൻ ഹിയറിങ്ങിനും സൗകര്യമൊരുക്കും. എസ്ഐആറുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 30 വരെ നീട്ടി. നവംബര്‍ 30നകം അവ തീര്‍പ്പാക്കണം. മഹാരാഷ്ട്രയിലെ എസ്ഐആർ കാലാവധിയും നീട്ടി. ഗോവയിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ 97 പേരിൽ 81 പേരുടെ വീടുകളിലെത്തി ബിഎൽഒമാർ ഫോം ശേഖരിച്ച് ഫയൽ ചെയ്തതായി കമ്മീഷൻ അറിയിച്ചു. പാവപ്പെട്ടവർ, തൊഴിലാളികൾ, തെരുവിൽ കഴിയുന്നവർ എന്നിവർക്കായി പ്രത്യേക ക്യാമ്പുകളും ഹെൽപ്പ് ഡെസ്കുകളും തുറക്കും. എസ്‌ഐആറുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനങ്ങൾ ഏകകണ്ഠമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.