ഡൽഹി: വോട്ട് മോഷണം എന്ന രാഹുൽ ഗാന്ധിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ദിവസേന ഉന്നയിക്കുന്ന ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അവഗണിക്കുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇത്തരം പ്രസ്ഥാവനകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അവഗണിക്കണമെന്നും നീതിയുക്തവും സുതാര്യവുമായ രീതിയിൽ പ്രവർത്തിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി വോട്ട് മോഷ്ടിക്കുകയാണെന്നും ഇതിന് വ്യക്തമായ തെളിവുകൾ തൻ്റെ പക്കലുണ്ടെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തന്റെ കയ്യില്‍ അണുബോംബുണ്ട്. അത് പൊട്ടിച്ചാല്‍ രാജ്യത്ത് ഓടി ഒളിക്കാൻ പോലും തെരഞ്ഞെടുപ്പ് കമ്മീഷന് ഇടമുണ്ടാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. "തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷണത്തിന് സൗകര്യമൊരുക്കുന്നുവെന്നതിന് തൻ്റെ പക്കൽ 100% തെളിവുണ്ട്. ഇത് അന്വേഷിക്കാനായി ആറ് മാസമെടുത്തു. ബിജെപിക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത്. ഇത് രാജ്യദ്രോഹമാണ്. അതിൽ കുറഞ്ഞതല്ല. ഇത് ചെയ്യുന്നവരെ ഞങ്ങൾ വെറുതെ വിടില്ല. നിങ്ങൾ എവിടെയായിരുന്നാലും, വിരമിച്ചാലും നിങ്ങളെ കണ്ടെത്തും", രാഹുല്‍ ഗാന്ധി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കുകയാണ്. ആര്‍ക്കുവേണ്ടിയാണ് മോഷ്ടിക്കുന്നത്? ബിജെപിക്കുവേണ്ടി. കഴിഞ്ഞ വർഷം മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വോട്ടെടുപ്പിൽ ക്രമക്കേട് നടന്നതായി സംശയമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പോടു കൂടി അതിന് തെളിവ് ലഭിച്ചു. മഹാരാഷ്ട്രയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഇത് കൂടുതൽ വർധിച്ചു. മഹാരാഷ്ട്രയിൽ വോട്ട് മോഷണം നടന്നിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഒരുകോടി വോട്ടര്‍മാരാണ് കൂടിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.