ഓപ്പറേഷന്‍ സിന്ദൂറിനിടെ ചാരവൃത്തി നടത്തിയ നാവിക സേന ആസ്ഥാനത്തെ യുഡി ക്ലര്‍ക്ക് അറസ്റ്റില്‍. പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറി. വിവരങ്ങള്‍ കൈമാറിയത് പാക് വനിതയ്ക്ക്.
ഹരിയാനയിലെ പന്‍സികയില്‍ താമസിക്കുന്ന വിശാല്‍ യാദവ് എന്നയാളെയാണ് പിടികൂടിയത്. 1923ലെ ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമാണ് അറസ്റ്റ്. ഇയാള്‍ പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തുന്നതായുള്ള സംശയത്തിന് പിന്നാലെ രാജസ്ഥാനിലെ സിഐഡി ഇന്റലിജന്റ്‌സിന്റെ തുടര്‍ച്ചയായുള്ള നിരീക്ഷണമുണ്ടായിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.
വിശാല്‍ യാദവ് നിരന്തരം സോഷ്യല്‍ മീഡിയ വഴി പാകിസ്ഥാനി യുവതിയുമായി ബന്ധപ്പെട്ടിരുന്നു. നേവല്‍ ഓപ്പറേഷന്‍സില്‍ നിന്നുമുള്ള വിവരങ്ങള്‍ കൈമാറുന്നതിന് യുവതി ഇയാള്‍ക്ക് പകരമായി പണം വാഗ്ദാനം ചെയ്തിരുന്നതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വിഷ്ണുകാന്ത് ഗുപ്ത വെളിപ്പെടുത്തി.
യാദവ് ഓണ്‍ലൈന്‍ ഗേമിങ്ങില്‍ അഡിക്ട് ആയ വ്യക്തിയാണ്. അതുകൊണ്ടു തന്നെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി പ്രധാനപ്പെട്ട വിവരങ്ങള്‍ ലീക്ക് ചെയ്ത് നല്‍കുകയായിരുന്നു. പണം യാദവിന്റെ ക്രിപ്‌റ്റോ വാലറ്റിലേക്കും ബാങ്ക് അക്കൗണ്ടിലേക്കുമാണ് പോയിക്കൊണ്ടിരുന്നത്. ഓപറേഷന്‍ സിന്ദൂര്‍ നടക്കുന്ന സമയത്തും നാവിക ഇന്റലിജന്റ്‌സുമായി ബന്ധപ്പെട്ട അതീവ സുരക്ഷാ വിവരങ്ങള്‍ കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കുറച്ചധികം കാലമായി ഇയാള്‍ ചാരവൃത്തി നടത്തി വരുന്നുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ജയ്പൂരിലെ സുരക്ഷിത സ്ഥലത്തെത്തിച്ച യാദവിനെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്ത് വരികയാണ്.