ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. ദീപാവലി പടക്കങ്ങളുടെ പുകയും കൂടി ആയതോടെ ചിലയിടങ്ങളിൽ എയർ ക്വാളിറ്റി ഇൻഡക്സ് 483 വരെ എത്തി. ഡൽഹിയിൽ, കുട്ടികളുടെ ശ്വാസകോശം പോലും പിങ്ക് നിറമല്ലെന്ന് അമിക്കസ് ക്യൂറി സുപ്രിം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.മലിനീകരണത്തിൻ്റെ കാരണങ്ങൾ അക്കമിട്ട് നിരത്തിയാണ് റിപ്പോർട്ട്.വായു മലിനീകരണം തടയാൻ കൂടുതൽ കർശന നടപടികൾ ആലോചിക്കുകയാണ് ഡൽഹി സർക്കാർ.
ഡൽഹിയിലെ വായു മലിനീകരണ കേസിൽ സുപ്രീം കോടതിയെ സഹായിക്കാൻ നിയോഗിച്ച അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷക അപരാജിത സിംഗ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഗുരുതര വിവരങ്ങൾ അടങ്ങിയിട്ടുള്ളത്. "നമ്മുടെ ശബ്ദം പോലും നഷ്ടപ്പെടുകയാണ്. ഇത് ഒരു ദിവസം 30 സിഗരറ്റ് വലിക്കുന്നത് പോലെയാണെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ. ഡൽഹിയിലെ വായു നിലവാരം ഇതിനകം 'ഗുരുതര' വിഭാഗത്തിൽ എത്തി. എയർ ക്വാളിറ്റി ഇൻഡക്സ് 400 കടന്നു. ചിലയിടങ്ങളിൽ 483 വരെ എത്തി.നവംബർ 5 ലെ കണക്കനുസരിച്ച്, അയൽ സംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കുന്നതിന്റെ സംഭാവന വെറും 14% മാത്രമാണ്.ഡൽഹി തന്നെ മലിനമാണ്. വൈക്കോൽ കത്തിക്കുന്നത് ഇതിനകം മോശമായ വായുവിനെ കൂടുതൽ മോശമാക്കുന്നു എന്നാണ് അമിക്കസ് ക്യൂറി പറയുന്നത്. രണ്ടാമത്തെ വിഷയം വാഹനങ്ങളുടേതാണ്. കോടതി ഉത്തരവുകൾ ഉണ്ടായിട്ടും ഡൽഹി അതിർത്തികളിലും ടോൾ പ്ലാസകളിലും വാഹനങ്ങൾ നിർത്തിയിടുന്നു. ഈ വിഷയത്തിൽ കോടതി മൂന്ന് തവണ ഉത്തരവ് പുറപ്പെടുവിച്ചിട്ടും NHAI-യും MCD-യും നടപടിയെടുത്തിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഏറ്റവും ദുരിതമനുഭവിക്കുന്നവർ ? ദീപാവലി സമയത്ത് തെരുവിൽ കഴിയുന്ന പാവപ്പെട്ടവരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അവർക്ക് നഗരം വിട്ടുപോകാൻ കഴിയില്ല. അവർ തന്നെയാണ് ഈ പുക മുഴുവൻ ശ്വസിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വായു മലിനീകരണത്തിന്ർറെ വലിയ ഇരകളാണ്. അവരുടെ ശ്വാസ കോശം മോശം അവസ്ഥയിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.