നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതിൻ്റെ ദൃശ്യങ്ങൾ Source: Screengrab
NATIONAL

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

ഫരീദാബാദിൽ നിന്നടക്കം പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനം എന്നാണ് റിപ്പോർട്ട്...

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീ‍ർ: നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പൊലീസുകാരും ഫോറൻസിക് ടീം ഉദ്യോഗസ്ഥരുമാണ് മരിച്ചവരിലേറെയും. സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ സ്ഫോടനം ഉണ്ടായെന്നാണ് വിവരം.

ശ്രീനഗറിലെ ഒരു നായിബ് തഹസിൽദാർ ഉൾപ്പെടെയുള്ള രണ്ട് ഉദ്യോഗസ്ഥരും സ്ഫോടനത്തിൽ മരിച്ചു. പരിക്കേറ്റവരെ ഇന്ത്യൻ ആർമിയുടെ 92 ബേസ് ആശുപത്രിയിലും ഷേർ ഇ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും (SKIMS) പ്രവേശിപ്പിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നൗഗാമിൽ എത്തിയിട്ടുണ്ട്.

വൈറ്റ് കോളർ തീവ്രവാദ മൊഡ്യൂൾ കേസിലെ അന്വേഷണത്തിനിടെ ഹരിയാനയിലെ ഫരീദാബാദിലെ ഒരു ഡോക്ടറുടെ വാടക വീട്ടില്‍ നിന്നും പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍ തുടങ്ങിയ രാസവസ്തുക്കളാണ് ഇവിടെയുണ്ടായിരുന്നത്. അറസ്റ്റിലായ ഡോക്ടർ മുസമ്മിൽ ഗനായിയുടെ വാടക വീട്ടിൽ നിന്ന് കണ്ടെടുത്ത 360 കിലോഗ്രാം സ്ഫോടക വസ്തുക്കൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമ്പോഴാണ് സ്ഫോടനമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

SCROLL FOR NEXT